പലഹാരത്തിൽ വിഷം കലർത്തി മാതാപിതാക്കളെയടക്കം നാല് പേരെ കൊന്നു; 17കാരി പിടിയിൽ

പലഹാരത്തിൽ വിഷം കലർത്തി മാതാപിതാക്കളെയടക്കം നാലു പേരെ കൊന്ന 17 വയസ്സുകാരി പിടിയിൽ. അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തിയ യുവതിയാണ് അറസ്റ്റിലായത്. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. കഴിഞ്ഞ ജൂലായ് മാസത്തിൽ നടന്ന സംഭവത്തിൽ മൂന്നു മാസങ്ങൾക്കു ശേഷമാണ് അറസ്റ്റ്. (girl detained poisoning family)
ജൂലായ് 12നാണ് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക്, ഭാര്യ സുധാബായ്, മകൾ രമ്യ, തിപ്പ നായ്കിൻ്റെ മാതാവ് ഗുന്ദിബായ് എന്നിവർ പലഹാരം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടത്. മകൻ രാഹുലും ഭക്ഷണം കഴിച്ചെങ്കിലും ഇയാൾ ചികിത്സയിലൂടെ രക്ഷപ്പെട്ടു.
ജൂലായ് 12നു വൈകിട്ട് സുധാബായിയും ഭർത്താവും കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോൾ മകൾ റാഗി കൊണ്ടുണ്ടാക്കിയ പലഹാരം എല്ലാവർക്കും നൽകി. ഇതിനിടെ വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ പെൺകുട്ടി ഒഴികെ ബാക്കിയുള്ളവർ ഛർദ്ദിക്കുകയും ഏറെ വൈകാതെ ജീവൻ വെടിയുകയും ചെയ്തു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്ത് ആരോ വീട്ടിൽ കയറി ഭക്ഷണത്തിൽ വിഷം കലർത്തി എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പെൺകുട്ടി ഈ പലഹാരം കഴിച്ചിരുന്നില്ല. ഇത് പൊലീസിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
കുടുംബത്തിലെ ബാക്കിയെല്ലാവരും കൂലിപ്പണിക്ക് പോകുമായിരുന്നു എന്നും തന്നോടും പണിക്ക് പോകാൻ പറഞ്ഞതിൻ്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പെൺകുട്ടി മൊഴി നൽകി.
Story Highlights : 17 year old girl detained poisoning family members to death