കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് അപകടകരമാംവിധം വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഡ്രൈവർ ജയദീപ് സെബാസ്റ്റ്യന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്യുക. മോട്ടോർ വാഹന വകുപ്പ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി.
വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചതിന്റെ പേരിൽ ജയദീപിന് സസ്‌പെൻഷൻ കിട്ടിയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരം കെഎസ്ആർടിസി എംഡിയാണ് ജയദീപനെ സസ്‌പെൻഡ് ചെയ്തത്. ഒരാൾ പൊക്കത്തിലുള്ള വെള്ളക്കെട്ടിൽ മുക്കാൽ ഭാഗവും മുങ്ങിയ ബസിൽ നിന്ന് ശ്രമകരമായാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
സസ്‌പെൻഷനിലായ ശേഷം ജയദീപ് കെഎസ്ആർടിസിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ബസ് ഓടിച്ചു പോകുന്നതിനിടെ വെള്ളം പെട്ടെന്ന് കയറുകയായിരുന്നുവെന്നാണ് ജയദീപ് പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തിൽ ആത്മധൈര്യത്തോടെയാണ് പെരുമാറിയത്. വേണമെങ്കിൽ തനിക്ക് നീന്തി രക്ഷപ്പെടാമായിരുന്നു. എന്നാൽ എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു ലക്ഷ്യം. യാത്രക്കാർ തന്നെ ചീത്തപറഞ്ഞോ എന്ന കാര്യവും പരിശോധിക്കണമെന്നും ജയദീപ് പറഞ്ഞിരുന്നു.
Story Highlights : ksrtc driver licence will suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here