ടി-20 ലോകകപ്പ്: സ്കോട്ട്ലൻഡ് പാപ്പുവ ന്യൂ ഗിനിയയെയും ബംഗ്ലാദേശ് ഒമാനെയും നേരിടും

ടി-20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. യോഗ്യതാ ഘട്ടത്തിലെ ഗ്രൂപ്പ് ബിയിൽ സ്കോട്ട്ലൻഡ് പാപ്പുവ ന്യൂ ഗിനിയയെയും ബംഗ്ലാദേശ് ഒമാനെയും നേരിടും. യഥാക്രമം ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ. രണ്ട് മത്സരങ്ങളും അൽ അമെറാത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. സ്കോട്ട്ലൻഡും ഒമാനും ആദ്യ മത്സരങ്ങളിൽ വിജയിച്ചപ്പോൾ ബംഗ്ലാദേശ് സ്കോട്ട്‌ലൻഡിനോടും പാപ്പുവ ന്യൂ ഗിനിയ ഒമാനോടും പരാജയപ്പെട്ടിരുന്നു. (world cup scotland bangladesh)
കരുത്തരായ ബംഗ്ലാദേശിനെ അട്ടിമറിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് സ്കോട്ട്ലൻഡ് ഇന്ന് ഇറങ്ങുക. 6 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ നിന്ന് തിരികെവന്ന് ബംഗ്ലാദേശിനെ 6 വിക്കറ്റിനു കീഴടക്കാനായത് അവർക്ക് ഏറെ ആത്മവിശ്വാസം നൽകും. ബംഗ്ലാദേശ് ബാറ്റർമാരെ ക്രീസിൽ തന്നെ തളച്ചിട്ട കൃത്യതയാർന്ന ബൗളിംഗ് സ്കോട്ട്ലൻഡിൻ്റെ കരുത്താണ്. ആ പ്രകടനം ഇന്നും അവർക്ക് തുടരാനായാൽ വീണ്ടും ജയം കുറിയ്ക്കാൻ സ്കോട്ട്ലൻഡിനു കഴിയും. അതേസമയം, ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പാപ്പുവ ന്യൂ ഗിനിയ ലോകകപ്പിൽ നിന്ന് പുറത്താവും. അതുകൊണ്ട് തന്നെ എങ്ങനെയും വിജയിക്കുകയാവും അവരുടെ ലക്ഷ്യം.
Read Also : ടി-20 ലോകകപ്പ്: ശ്രീലങ്കയ്ക്ക് അനായാസ ജയം; ത്രില്ലർ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയക്ക് ആവേശ ജയം
സ്കോട്ട്‌ലൻഡിനെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ബംഗ്ലാദേശ് വിലപ്പെട്ട ഒരു പാഠമാണ് പഠിച്ചത്. സ്വന്തം നാട്ടിൽ, സ്പിൻ ബൗളിംഗിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചുകളിൽ നേടിയ വിജയം ലോകകപ്പിൽ ഗുണം ചെയ്യില്ല എന്നത് ഇതിനകം അവർ മനസ്സിലാക്കിയിട്ടുണ്ടാവും. എങ്കിലും, ആദ്യ മത്സരത്തിലേത് ഒരു അട്ടിമറിയാണെന്ന് വിശ്വസിച്ച് ഇന്നത്തെ മത്സരത്തിനിറങ്ങുക എന്നതാണ് ബംഗ്ലാദേശ് ചെയ്യുക. ബാറ്റിംഗ് നിര തന്നെയാണ് ബംഗ്ലാദേശിനു തിരിച്ചടി ആയത്. അപ്രതീക്ഷിത തോൽവി മറന്ന് ഇന്ന് വിജയിക്കുക എന്നത് മാത്രമാവും അവരുടെ ലക്ഷ്യം.
മറുപുറത്ത് പാപ്പുവ ന്യൂ ഗിനിയയെ 10 വിക്കറ്റിനു കീഴടക്കിയ ഒമാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബൗളിംഗിലും ബാറ്റിംഗിലും എതിരാളികളെ നിഷ്പ്രഭരാക്കിയ ഒമാൻ ബംഗ്ലാദേശിന് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ മത്സരത്തിൽ ഒമാൻ വിജയിച്ചാൽ സ്കോട്ട്ലൻഡ് സൂപ്പർ 12 ഉറപ്പിക്കും. കളി ബംഗ്ലാദേശിനു വിജയിക്കാനായാൽ അടുത്ത ഘട്ടത്തിലേക്കുള്ള പോരാട്ടം വീണ്ടും ആവേശകരമാവും.
Story Highlights : t20 world cup scotland bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here