Advertisement

ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട കനത്ത മഴ

October 21, 2021
Google News 2 minutes Read
heavy rain kottayam idukki

ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ. തൊടുപുഴയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി, മണിമല, ഇളംകാട്, ഏന്തയാർ മഴ ശക്തമാണ്. (heavy rain kottayam idukki)

ഉച്ചക്ക് ശേഷം മുതലാണ് മഴ പെയ്തുതുടങ്ങിയത്. ഇടവിട്ടുള്ള മഴയാണ് ഇവിടെ പെയ്യുന്നത്. ഇന്നലെ കാവാലി അടക്കം ഉരുൾ പൊട്ടലുണ്ടായ ഇടങ്ങളിൽ രണ്ട് മണിക്കൂറോളം തുടർച്ചയായി മഴ പെയ്തെങ്കിലും പിന്നീട് മഴ ശമിച്ചിരുന്നു. നിലവിൽ കോട്ടയത്ത് 45 ക്യാമ്പുകളിലായി 800ഓളം കുടുംബങ്ങളും 3000ഓളം ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Read Also : സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം കനത്ത മഴയെന്ന് മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

തെക്കൻ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിർദേശമുണ്ട്. കോട്ടയം ജില്ലയിൽ മലയോര മേഖലകളിൽ പെയ്ത മഴയ്ക്ക് ശമനമുണ്ടായി. കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ഭാഗങ്ങളിലും, തീക്കോയി, തലനാട്, പൂഞ്ഞാർ പ്രദേശത്തുമാണ് ശക്തമായി മഴ പെയ്തത്. രണ്ടിടങ്ങളിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. തീക്കോയ് 30 ഏക്കറിലും, മംഗളഗിരിയിലുമാണ് മണ്ണിടിഞ്ഞത്. ആളപായമില്ല. മഴയിൽ മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നെങ്കിലും ഒരിടത്തും അപകടനിലയിൽ എത്തിയിട്ടില്ല. ജാഗ്രതാ നിർദേശത്തെ തുടർന്ന് അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.

കോട്ടയം ജില്ലയിൽ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് മുന്നറിയിപ്പ്. കൂട്ടിക്കലിൽ പതിനൊന്ന് പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന് സാധ്യത. തീക്കോയിൽ എട്ട് ഇടത്തും തലനാടിൽ ഏഴ് ഇടത്തുമാണ് അപകട സാധ്യത.

Story Highlights : heavy rain kottayam idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here