എൺപത്തിമൂന്നാം വയസിൽ ബ്ലാക്ക് ബെൽറ്റ്, പഠിച്ച് തുടങ്ങിയത് റിട്ടയർമെന്റിന് ശേഷം; മുത്തശ്ശി കിടിലൻ ആണെന്ന് സോഷ്യൽ മീഡിയ..

പ്രായമാകുമ്പോൾ വീടിനുള്ളിൽ ഒതുങ്ങി കൂടുന്നവരാണ് മിക്കവരും. വാർധക്യ സഹജമായ രോഗങ്ങളും മറ്റുമായി ഒതുങ്ങി കൂടേണ്ട കാലമാണിതെന്ന മുൻവിധിയാണ് പലർക്കും. എന്നാൽ തന്റെ എൺപത്തി മൂന്നാം വയസ്സിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിരിക്കുന്ന മുത്തശ്ശിയെ പരിചയപ്പെടാം… കാരോൾ ടെയ്ലർ എന്നാണ് മുത്തശ്ശിയുടെ പേര്. യൂട്ടയിലെ ലേയ്റ്റണിലാണ് മുത്തശ്ശിയുടെ താമസം. റിട്ടയർമെന്റിന് ശേഷമാണ് കാരോൾ മുത്തശ്ശി കരാട്ടെ അഭ്യസിക്കാൻ തുടങ്ങിയത്. ഇപ്പോൾ പതിനഞ്ച് വർഷമായി കരാട്ടെ രംഗത്ത് മുത്തശ്ശിയുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ എല്ലാവരും കരാട്ടെ മുത്തശ്ശി എന്നാണ് വിളിക്കുന്നത്.
ഈ പ്രായത്തിൽ കരാട്ടെ ചെയ്യാൻ ബുദ്ധിമുട്ടല്ലേ എന്ന് ചോദിക്കുന്നവരോടുള്ള കിടിലൻ മറുപടിയും മുത്തശ്ശിയുടെ കയ്യിലുണ്ട്. താൻ പണ്ടത്തേക്കാൾ ആരോഗ്യവതിയാണ് എന്നാണ് മുത്തശ്ശി പറയുന്നത്. നിരവധി പേർക്ക് പ്രചോദനമാണ് ഇന്ന് ഈ എൺപത്തിമൂന്ന് വയസ്സുകാരി. മുത്തശ്ശി പറഞ്ഞുവെക്കുന്നതും അതുതന്നെയാണ് റിട്ടയർ ആയെന്ന് കരുതി വീട്ടിൽ തന്നെ ഒതുങ്ങേണ്ട. ഇഷ്ടമുള്ളത് ചെയ്ത് സന്തോഷത്തോടെയും ചുറുചുറുക്കോടെയും ജീവിക്കാം എന്നാണ്. ഇഷ്ടമുള്ള കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നതിനേക്കാൾ എന്തുനല്ലകാര്യമാണ് ഈ പ്രായത്തിൽ ചെയ്യാൻ സാധിക്കുക.
പതിനൊന്ന് വയസ്സുകാരി കൊച്ചുമകളിൽ നിന്ന് പ്രചോദനം കൊണ്ടാണ് കാരോൾ മുത്തശ്ശി കരാട്ടെ പഠനത്തിലേക്ക് എത്തുന്നത്. രണ്ടു പേരും കൂടെ കരാട്ടെ പഠനവുമായി മുന്നോട്ട് പോയി. തമാശയ്ക്ക് തുടങ്ങിയ കരാട്ടെ പഠനം പിന്നീട് മുത്തശ്ശി ഗൗരവമായി കാണാൻ തുടങ്ങി. പതിനഞ്ച് വർഷത്തെ പരിശീലന കാലത്തിന് ശേഷം ലാസ് വേഗാസിൽ വെച്ച് നടന്ന യുണൈറ്റഡ് ഫൈറ്റിംഗ് ആർട്സ് ഫെഡറേഷൻ ഇന്റർനാഷണൽ ട്രെയിനിങ് കൺവെൻഷനിൽ കാരോൾ മുത്തശ്ശി ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കി.
അമേരിക്കൻ മാർഷ്യൽ ആർട്ടിസ്റ്റായ ചക് നോറിസിൽ നിന്നാണ് കാരോൾ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയത്. കരാട്ടെ പഠനത്തോടൊപ്പം കരാട്ടെ ക്ലാസ്സുകളും എടുത്ത് കൊടുക്കുന്നുണ്ട് മുത്തശ്ശി. എന്തുകൊണ്ടാണ് കരാട്ടെയോട് ഇത്ര ഇഷ്ടമെന്ന് ചോദിച്ചാൽ ഈ പ്രായത്തിലും ഓർമ ശക്തി നിലനിർത്താനും മനസ്സ് ശാന്തമാക്കാനും കരാട്ടെ സഹായിക്കുന്നുണ്ടെന്നാണ് മുത്തശ്ശി പറയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here