ട്വന്റിഫോറിനെ അപകീർത്തിപ്പെടുത്തുന്ന വ്യക്തികളോട് സി ഉണ്ണികൃഷ്ണൻ; ഫേസ്ബുക്ക് പോസ്റ്റ്

ട്വൻ്റിഫോർ ചാനലിനും തനിക്കുമെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയ ഷാജൻ സ്കറിയക്കും ഓൺലൈൻ പോർട്ടലിനുമെതിരെ മറുപടിയുമായി ട്വൻ്റിഫോർ വൈസ് പ്രസിഡൻ്റ് സി ഉണ്ണികൃഷ്ണൻ. ട്വൻ്റിഫോറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പ്രസ്താവനകൾ നടത്തുന്ന സിജി ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആധാരമാക്കിയുള്ള വാർത്തകളോടാണ് ഉണ്ണികൃഷ്ണൻ പ്രതികരിച്ചത്. ഇത്രയും നാൾ മിണ്ടാതിരുന്നത് മര്യാദ കൊണ്ടാണെന്നും നിയമനടപടികളിലൂടെ മുന്നോട്ടുപോകുമെന്നും സി ഉണ്ണികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( unnikrishnan facebook post shajan )
സി ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
മറുനാടൻ ഷാജാ
നിങ്ങൾ
ഈ മര്യാദകെട്ട
പണി നിർത്തണം
കഴിഞ്ഞ കുറേ ദിവസങ്ങളായി നിങ്ങൾ നടത്തി വരുന്ന നാടകം കണ്ട് ഞാൻ മിണ്ടാതെ ഇരുന്നത് എന്റെ മര്യാദ കൊണ്ടാണ്. അതെന്റെ ബലഹീനതയായി കണക്കാക്കരുത്.
എന്റെ ഭാര്യയുടെ മാനസികാവസ്ഥയും അതിൽ നിന്നുണ്ടായ കുടുംബ പ്രശ്നങ്ങളും എന്തിനേറെ എന്റെ കിടപ്പറ കാര്യങ്ങൾ വരെ നീയും നിന്റെ ചാനലും പൊതുജനങ്ങളിലേക്ക് വലിച്ചിഴച്ചു. അങ്ങേ അറ്റം അപമാനിച്ചു.
കഴിഞ്ഞ 15 വർഷമായി ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ എന്നെ അടുത്ത് അറിയാവുന്നവർക്കറിയാം.
എന്റെ ഭാര്യയ്ക്ക് മനോരോഗം ഉണ്ടെന്ന് ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. സിജിയുടെ അച്ഛൻ തന്നെ അത് പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാൻ കാര്യങ്ങൾ ഒളിച്ചു വെക്കുന്നില്ല.
മക്കൾ രണ്ടു പേരും എന്തുകൊണ്ടാണ് നീ ക്രൂരനായി ചിത്രീകരിച്ച എന്റെ കൂടെ ഇപ്പോഴും നിൽക്കുന്നത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
അതു തന്നെയാണ്, അത് മാത്രമാണ് നീയും നിന്റെ ചാനലും എന്നോടും എന്റെ കുടുംബത്തോടും കാട്ടിക്കൂട്ടുന്നതിനുള്ള മറുപടി.
ഷാജൻ സ്കറിയാ, നീ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.
നീയും നിന്റെ ഭാര്യ ഒളിമ്പ്യൻ ബോബി അലോഷ്യസും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ, നിങ്ങളുടെ കിടപ്പറ കാര്യങ്ങൾ ഏതെങ്കിലും മനസ്സുഖമില്ലാത്ത ഒരാൾ വിളിച്ചു പറഞ്ഞാൽ അത് ഏതെങ്കിലും ഒരു ഓൺെ ലൈൻ ചാനൽ പുറത്തുവിട്ടാൽ അത് നിനക്കും നിന്റെ ഭാര്യ ഒളിമ്പ്യനും എത്രമാത്രം വിഷമം ഉണ്ടാക്കും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
നിനക്കും മക്കളില്ലേ ഷാജാ..
സ്കൂളിൽ പോകുന്ന എന്റെ രണ്ട് മക്കളുടെ മാനസികാവസ്ഥ നീ ഒരു നിമിഷം ആലോചിച്ച് നോക്കണം.
അതും വേണ്ട, എന്റെ കുടുംബ പ്രശ്നങ്ങൾ കൊടുക്കുന്നതിന് മുമ്പ് നിനക്ക് എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു.
അതല്ലേ ഷാജാ നീ എപ്പോഴും ആവർത്തിച്ചു പറയുന്ന മാധ്യമ മര്യാദ.
മറ്റുള്ള മാധ്യമങ്ങൾ ചെയ്യുന്ന നെറികേടുകളെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന നീ ഈ ചെയ്തത് ശരിയാണ് എന്ന് തോന്നുന്നുണ്ടോ?
മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ വിജയിക്കാൻ ആരുടേയെങ്കിലും ഗൂഢാലോചനയുടെ ഭാഗമായി എന്റെ കുടുംബ പ്രശ്നങ്ങളും കിടപ്പറയിലെ കാര്യങ്ങളും വരെ വിറ്റ് കാശാക്കുമ്പോൾ ഷാജാ നീ ഓർക്കുക നിനക്കും കുടുംബം ഉണ്ട്, മക്കളുണ്ട് എന്ന്.
സിജിക്ക് അസുഖമുണ്ട് എന്ന് തെളിയിക്കുന്ന നിരവധി രേഖകളും വീഡിയോകളും എന്റെ പക്കൽ ഉണ്ടായിട്ടും ഞാനത് പുറത്ത് വിടാഞ്ഞതും ആരോടും പറയാതിരുന്നതും സമൂഹ മധ്യത്തിലേക്ക് അത് വലിച്ചിഴക്കാൻ ഇഷ്ടപ്പെടാത്തതു കൊണ്ടാണ്. എന്നേയും ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തേയും എന്നെ പിന്തുണക്കുന്നവരേയും സോഷ്യൽ മീഡിയായിലൂടെ നിരന്തരം സിജി അവഹേളിച്ചപ്പോഴും ഞാൻ ഇതൊന്നും പുറത്ത് വിടാതിരുന്നത് ഇത്തരം മാനസികാവസ്ഥ ഉള്ള ഒരാൾക്ക് ഞാൻ നൽകിയ സ്നേഹത്തിന്റേയും കരുതലിന്റേയും ഭാഗമാന്നെന്ന് ഷാജാ നീ മനസ്സിലാക്കണം. 12 വയസ്സുള്ള എന്റെ മോൻ പോലും എന്നോട് ചോദിച്ചിട്ടുണ്ട് അച്ഛൻ എന്തിനാ വിഷമിക്കുന്നത് , അച്ഛന്റെ മൊബൈലിൽ ഉള്ള അമ്മ കാട്ടിക്കൂട്ടുന്ന ഒരു വീഡിയോ പുറത്തുവിട്ടാൽ തീരാവുന്ന പ്രശ്നങ്ങളല്ലേ ഉള്ളൂ എല്ലാമെന്ന്. എന്നിട്ടും ഞാനത് ഇതുവരെ ചെയ്തില്ല.
കഴിഞ്ഞ15 വർഷത്തിനിടയിൽ കേരളത്തിലെ പ്രശസ്ത മനോരോഗ വിദഗ്ധർക്ക് മുന്നിൽ ഞാൻ എത്രയോ തവണ തലയും കുനിച്ച് ഇരുന്നിട്ടുണ്ട്. എന്നെ തോൽപ്പിക്കാൻ ഇപ്പോൾ നിന്റെ ചാനലിലൂടെ ഇപ്പോൾ സിജി പറഞ്ഞ് വെച്ച കാര്യങ്ങളുണ്ടല്ലോ അതെല്ലാം നിരവധി തവണ ഇവൾത്തന്നെ ഈ ഡോക്ടർമാരോട് പറഞ്ഞിട്ടുള്ളതാണ്. എന്നെ തകർക്കാനാണ് അവൾ ഇതെല്ലാം പറയുന്നത് എന്ന് അവർക്കെല്ലാമറിയാം.
നിനക്ക് മര്യാദയുടെ ഒരംശമെങ്കിലുമുണ്ടെങ്കിൽ സിജിയെ ചികിത്സിച്ച ഏതെങ്കിലും ഒരു ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കാമായിരുന്നു. കേരളത്തിലെ ഒരു വിധം പ്രശസ്തരായ മനോരോഗ വിദഗ്ധരെയെല്ലാം ഞാൻ സിജിയെ കാണിച്ചിട്ടുണ്ട്. ചികിത്സിച്ചിട്ടുണ്ട്.
അതെല്ലാം എന്റെ കടമയായിരുന്നു.
ഞാൻ ചെയ്ത കാര്യങ്ങൾ എന്താണ് എന്ന് ചുരുങ്ങിയപക്ഷം സിജിയുടെ വീട്ടുകാർക്കെങ്കിലും അറിയാം. അതുകൊണ്ടാണ് ഈ പ്രതിസന്ധിയിലും സിജിയുടെ അച്ഛനും അമ്മയും സഹോദരനുമെല്ലാം എന്റെ കൂടെ നിൽക്കുന്നത്. സ്വന്തം മകളേക്കാൾ അവർ എന്നോടു കാണിക്കുന്ന വിശ്വാസവും സ്നേഹവും കരുതലുമുണ്ടല്ലോ, അതുമാത്രം മതി സാജാ എനിക്ക് ഇതിനെയൊക്കെ അതിജീവിക്കാൻ.
സിജിയുടെ തോന്നിവാസങ്ങൾക്ക്
അനുസരിച്ച് പ്രവർത്തിച്ചില്ല, ജീവിച്ചില്ല എന്ന തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ. ഉറക്ക ഗുളികൾ നൽകിയ ഉൻമാദത്തിനിടയിലെ ഇടവേളകളിൽ പോലും സിജി സ്വന്തം മക്കളെ നോക്കിയിട്ടില്ല. ഒരു നേരത്ത ആഹാരം ഉണ്ടാക്കി നൽകിയിട്ടില്ല. അവർ കാലത്ത് സ്കൂളിൽ പോകുന്നത് കണ്ടിട്ടില്ല. എന്റെ അമ്മയും സിജിയുടെ അച്ഛനുമാണ് മക്കളെ വളർത്തിയത്. അതുകൊണ്ടാണ് മക്കൾ ഇപ്പോഴും എന്റെ അമ്മയോടൊപ്പം തൃശ്ശൂരുള്ള എന്റെ തറവാട്ടു വീട്ടിൽ സന്തോഷത്തോടെ കഴിയുന്നത്.
ഒന്നുമില്ലായ്മയിൽ നിന്ന് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ ജീവിതമാണ് സാജാ എന്റേത്. എനിക്ക് ചുറ്റും ഉള്ളവർക്ക് അതറിയാം. നീ നിന്റെ പ്രതികാരത്തിന്റെ ഭാഗമായി തകർത്താൽ തകരുന്നതല്ല എന്റെ ജീവിതം. നീയും നിന്റെ ചാനലും അവഹേളിച്ചാൽ ഇല്ലാതാകുന്നതല്ല എന്റെ മാനവും സത്യസന്ധതയും .
എനിക്ക് ഈ സമൂഹത്തിൽ ജീവിക്കാൻ നിന്റെയും നിന്റെ ചാനലിന്റേയും ലൈസൻസും സർട്ടിഫിക്കറ്റും ആവശ്യമില്ല.
അള മുട്ടിയാൽ ചേരയും കടിക്കുമെന്ന് നീ കേട്ടിട്ടില്ലേ. അതുകൊണ്ടു തന്നെ
നിനക്കും നിന്റെ മറുനാടനുമെതിരേയും എന്തായാലും നിയമ നടപടികളുണ്ടാകും.
നിന്നിലൂടെ, നിന്റെ ഓൺലൈൻ ചാനലിലൂടെ എന്നെയും എനിക്ക് പ്രിയപ്പെട്ടവരേയും അവഹേളിക്കുന്ന സിജിയോട് എനിക്ക് ഒന്നേ പറയാനുള്ളൂ.
നീ അവഹേളിക്കുന്നത് എന്നേയല്ല, നീ ജന്മം നൽകിയ പൊന്നോമനകളായ രണ്ട് മക്കളെയാണ്. അവരുടെ ഭാവിയേയാണ് മറുനാടൻ ഷാജന്റെ പ്രതികാരത്തിന്റെ മുന്നിൽ നീ എറിഞ്ഞുടയ്ക്കുന്നത്.
ഞാൻ ഇല്ലാതായാൽ, എന്റെ ജോലി നഷ്ടപെട്ടാൽ അവർ എങ്ങനെ ജീവിക്കും എന്ന് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
പ്രതികാരം കൊണ്ട് ഉന്മത്തമായ നിന്റെ മനസ്സിന്റെ വികാര വിക്ഷോഭങ്ങൾക്കിടയിൽ എപ്പോഴെങ്കിലും ശാന്തമാകുന്ന ഒരു നിമിഷമുണ്ടെങ്കിൽ ഒന്ന് ആലോചിക്കൂ.
എന്തായാലും നിന്റെ കൂടെ ഇനി എനിക്കൊരു ജീവിതമില്ല. എന്റെ രണ്ട് മക്കളുടേയും എന്റേയും നിന്റേയും വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ ഞാൻ വിവാഹമോചനത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ദയവു ചെയ്ത് എന്നേയും മക്കളേയും വെറുതെ വിടുക.
ഇനിയെങ്കിലും ഞങ്ങളൊന്ന് മനസ്സമാധാനത്തോടെ ജീവിച്ചോട്ടെ…!
Read Also : ‘സിജി ഉണ്ണികൃഷ്ണന്റെ പിതാവിനു പറയാനുള്ളത്’; ഫേസ്ബുക്ക് വിഡിയോ

Story Highlights : c unnikrishnan facebook post shajan zacharyah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here