ടി-20 ലോകകപ്പ്: സൂപ്പർ 12 രണ്ടാം മത്സരത്തിൽ ചാമ്പ്യന്മാരുടെ പോരാട്ടം

ടി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നിലവിലെ ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സന്നാഹമത്സരങ്ങളിൽ ഇംഗ്ലണ്ട് ഒരു മത്സരം വിജയിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു. (t20 england west indies)
ജോസ് ബട്ട്ലറും ജോണി ബെയർസ്റ്റോയും മൊയീൻ അലിയുമാണ് സന്നാഹമത്സരങ്ങളിൽ ഇംഗ്ലണ്ടിനായി തിളങ്ങിയ താരങ്ങൾ. ജേസൻ റോയ്, ഓയിൻ മോർഗൻ, ഡേവിഡ് മലാൻ എന്നിവർക്ക് കാര്യമായി തിളങ്ങാനായില്ല. ലിവിങ്സ്റ്റൺ ഒരു മത്സരത്തിൽ 30 റൺസെടുത്തു. ബൗളിംഗിൽ മാർക്ക് വുഡും ഡേവിഡ് വില്ലിയും സ്ഥിരത പുലർത്തുമ്പോൾ ആദിൽ റഷീദ് ഭേദപ്പെട്ട ഫോമിലാണ്. ക്രിസ് ജോർഡനും ക്രിസ് വോക്സും നിരാശപ്പെടുത്തി. മലാൻ ടീമിൽ ഉൾപ്പെടുമോ ഇല്ലയോ എന്ന ചോദ്യമൊഴിച്ചാൽ ഇംഗ്ലണ്ട് ടീമിൽ കാര്യമായ സർപ്രൈസുകൾ ഉണ്ടായേക്കില്ല. മലാനെ ഒഴിവാക്കിയാൽ മൊയീൻ അലിയോ ജോണി ബെയർസ്റ്റോയോ മൂന്നാം നമ്പറിൽ കളിക്കും. ഫോമിൽ അല്ലാത്തതിനാൽ ടീമിൽ നിന്ന് താൻ മാറിനിൽക്കാമെന്ന് മോർഗൻ പറഞ്ഞെങ്കിലും അത് സംഭവിക്കാനിടയില്ല. ആദിൽ റഷീദ് മാത്രമാണ് സ്പിന്നർ. മാർക്ക് വുഡ്, ക്രിസ് ജോർഡൻ എനിവരൊക്കെ ടീമിലുണ്ടാവും.
Read Also : ടി-20 ലോകകപ്പ്: സൂപ്പർ 12 ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും
തീരെ സ്ഥിരതയില്ലാത്ത ബാറ്റിംഗ് നിരയാണ് വെസ്റ്റ് ഇൻഡീസിൻ്റെ പ്രശ്നം. നിക്കോളാസ് പൂരാൻ, ഷിംറോൺ ഹെട്‌മെയർ, കീറോൺ പൊള്ളാർഡ് എന്നിവർ മാത്രമാണ് സന്നാഹമത്സരങ്ങളിൽ അല്പമെങ്കിലും മികച്ച പ്രകടനം നടത്തിയത്. ക്രിസ് ഗെയിൽ, ലെൻഡൽ സിമ്മൻസ്, എവിൻ ലൂയിസ് എന്നിവരൊക്കെ നിരാശപ്പെടുത്തി. ബൗളിംഗിൽ രവി രാംപോൾ, അകീൽ ഹുസൈൻ എന്നിവർ പ്രതീക്ഷ നൽകുന്നു. എവിൻ ലൂയിസും ലെൻഡൽ സിമ്മൻസും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഗെയിലിന് അവസാന ഇലവനിൽ ഇടം ലഭിക്കുമോ എന്നത് സംശയമാണ്. ഇടം നേടിയാൽ മൂന്നാം നമ്പറിൽ കളിക്കും. റസൽ, ബ്രാവോ, പൊള്ളാർഡ് എന്നീ ഓൾറൗണ്ടർമാരാണ് വിൻഡീസിൻ്റെ കരുത്ത്. അകീൽ ഹുസൈനോ ഹെയ്ഡൻ വാൽഷോ സ്പിന്നറായി ടീമിലെത്തും.
Story Highlights : t20 world cup england west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here