ടി20 ലോകകപ്പ്: അസലങ്ക-രജപക്‌സെ കൂട്ടുകെട്ടിൽ ബംഗ്ലാ കടുവകളെ ചാരമാക്കി ലങ്കൻ വിജയം

ടി20 ലോകകപ്പിലെ ബംഗ്ലാ ആരാധകരെ നിരാശയിലാക്കി ശ്രീലങ്കൻ തേരോട്ടം. ബംഗ്ലദേശ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക അനായാസം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറിയുമായി ചരിത് അസലങ്കക്കൊപ്പം (49 പന്തിൽ 80 നോട്ടൗട്ട്) ഭനുക രജപക്സെയും (31 പന്തിൽ 53) ചേർന്നതോടെ ലങ്കക്കാർ അനായാസ വിജയത്തിലേക്ക് എത്തുകയായിരുന്നു.
വലിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് ആദ്യ ഓവറിൽ തന്നെ കുശാൽ പെരേരയെ നഷ്ടപ്പെട്ടു. തുടർന്ന് ലങ്കക്കായി നിസാൻകയും (24) ചരിത് അസലങ്കയും ഒത്തുചേരുകയായിരുന്നു. രണ്ടാംവിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് അവിഷ്ക ഫെർണാണ്ടോ (0), വനിന്ദു ഹസരങ്ക (6) എന്നിവർ വേഗത്തിൽ പുറത്തായതോടെ സമ്മർദത്തിലായ ലങ്കയെ രാജപക്സെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 79 റൺസിൽ ഒരുമിച്ച അസലങ്ക-രാജപക്സെ കൂട്ടുകെട്ട് വിജയം ഉറപ്പാക്കി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 171 റൺസ് നേടി. 52 പന്തിൽ 62 റൺസ് നേടിയ ഓപ്പണർ മുഹമ്മദ് നൈമാണ് ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ മുഷ്‌ഫീഖുർ റഹീം(37 പന്തിൽ 57*) വേഗം സ്‌കോർ ചെയ്തത് ബംഗ്ലാദേശിനെ തുണയ്ക്കുകയും ചെയ്തു.
Story Highlights : t20-world-cup-2021-super-12-group-1-sl-vs-ban-sri-lanka-won-by-5-wkt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here