ബാറ്റിംഗ് തകർച്ചക്കിടയിലും എവിൻ ലൂയിസിനു ഫിഫ്റ്റി; വിൻഡീസിനു ഭേദപ്പെട്ട സ്കോർ

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 144 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 143 റൺസ് നേടി. 56 റൺസ് നേടിയ എവിൻ ലൂയിസാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ബാറ്റർമാർക്കെല്ലാം തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. 35 പന്തുകൾ നേരിട്ട് 16 റൺസെടുത്ത ലെൻഡൽ സിമ്മൻസിൻ്റെ മെല്ലെപ്പോക്ക് വിൻഡീസിനു കനത്ത തിരിച്ചടിയായി. (west indies south africa)
അദ്യ വിക്കറ്റിൽ എവിൻ ലൂയിസും ലെൻഡൽ സിമ്മൻസും ചേർന്ന കൂട്ടുകെട്ട് 73 റൺസ് നേടിയെങ്കിലും ടൈമിങ് കണ്ടെത്താൻ വിഷമിച്ച സിമ്മൻസ് വിൻഡീസിനെ കടുത്ത പ്രതിരോധത്തിലാക്കി. തുടർ ബൗണ്ടറികളുമായി ലൂയിസ് ആണ് വിൻഡീസ് ഇന്നിംഗ്സിനെ ഈ ഘട്ടത്തിൽ താങ്ങിനിർത്തിയത്. 32 പന്തുകളിൽ ലൂയിസ് ഫിഫ്റ്റി തികച്ചു. വൈകാതെ ലൂയിസിനെ പുറത്താക്കിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. 35 പന്തിൽ 56 റൺസെടുത്ത ലൂയിസിനെ കഗീസോ റബാഡ പിടികൂടി.
Read Also : ടി-20 ലോകകപ്പിൽ പാകിസ്താൻ വിജയിക്കാൻ സാധ്യത: ഷെയിൻ വോൺ
മൂന്നാം നമ്പറിലെത്തിയ നിക്കോളാസ് പൂരാൻ രണ്ട് ബൗണ്ടറികളോടെ ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും 12 റൺസെടുത്ത് പുറത്തായി. കേശവ് മഹാരാജിൻ്റെ പന്തിൽ ഡേവിഡ് മില്ലറാണ് പൂരാനെ പിടികൂടിയത്. പിന്നാലെ ക്രീസിൽ ഏറെ ബുദ്ധിമുട്ടിയ സിമ്മൻസിനെ റബാഡ ക്ലീൻ ബൗൾഡാക്കി. ക്രിസ് ഗെയിൽ (12) പ്രിട്ടോറിയസിൻ്റെ പന്തിൽ ഹെൻറിച് ക്ലാസൻ്റെ കയ്യിൽ അവസാനിച്ചപ്പോൾ റസൽ (5) നോർക്കിയയുടെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. ഷിംറോൺ ഹെട്‌മെയർ (1) റണ്ണൗട്ടായി. അവസാന ഓവറിൽ മികച്ച രീതിയിൽ കളിച്ചുവന്ന പൊള്ളാർഡിനെ (26) ഡ്വെയിൻ പ്രിട്ടോറിയസിൻ്റെ പന്തിൽ റസ്സി വാൻഡർ ഡസ്സൻ തകർപ്പൻ ക്യാച്ചിലൂടെ മടക്കി അയച്ചു. അടുത്ത പന്തിൽ ഹെയ്ഡൽ വാൽഷിനെ റീസ ഹെൻറിക്ക്സ് പിടിച്ചുപുറത്താക്കി. ബ്രാവോ (8) പുറത്താവാതെ നിന്നു.
Story Highlights : west indies innings south africa T20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here