പെഗസിസില്‍ കോടതി തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിനോയ് വിശ്വം; കേന്ദ്രസര്‍ക്കാരിന്റേത് സുതാര്യ നിലപാടെന്ന് സന്ദീപ് വാര്യര്‍

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച സുപ്രിംകോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം എംപി. പെഗസിസ് അന്വേഷണത്തെ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
‘പെഗസിസ് വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നപ്പോള്‍ പാര്‍ലമെന്റ് സ്തംഭിച്ചതുപോലും കേന്ദ്രസര്‍ക്കാര്‍ ആ ചര്‍ച്ചകളെ ഒഴിവാക്കിവിട്ടതിന് ഉദാഹരണമാണ്. അങ്ങനെയുള്ള സര്‍ക്കാരിന്റെ നിലപാട് കോടതി വിധി വന്നിട്ടും മാറ്റമില്ലാത്തതാണ്. സത്യം പുറത്തറിയാനുള്ള അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാന്‍ പറ്റില്ലെന്നാണ് സുപ്രിംകോടതി വിധിയിലൂടെ വ്യക്തമാകുന്നത്. കോടതി നിയോഗിച്ച വിദഗ്ധ സമിതി ആവശ്യപ്പെട്ടാല്‍ പോലും ഒരു പക്ഷേ രേഖകള്‍ സമര്‍പ്പിക്കാതെ മുടന്തന്‍ ന്യായങ്ങള്‍ പറയാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും’. ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം പെഗസിസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുതാര്യമായ നിലപാടാണുള്ളതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. അന്വേഷണം നടന്ന് സത്യം പുറത്തുവരട്ടെ. പരാതി ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ഫോണുകള്‍ വിദഗ്ധ സമിതിക്ക് കൈമാറി അന്വേഷണത്തോട് സഹകരിക്കട്ടെയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുതായി അഡ്വ. ആല്‍ജോ കെ ജോസഫും പ്രതികരിച്ചു.
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയാണ് ഇനി അന്വേഷിക്കുക. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ നിരീക്ഷണത്തിലായിരിക്കും. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.
സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഭരണഘടനാ ആവശ്യങ്ങള്‍ക്കനുസൃതമായിരിക്കണം സ്വകാര്യതയിലുള്ള ഇടപെടലുകള്‍. നിയമങ്ങള്‍ വഴിയല്ലാതെ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
Read Also : പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് വിദ്ഗധ സമിതി; സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും
റിട്ടയേഡ് സുപ്രിംകോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെയാണ് സുപ്രിംകോടതി നിയോഗിച്ചത്. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സികിലെ പ്രൊ.ഡോ നവീന്‍കുമാര്‍ ചൗധരി(ഗുജറാത്തിലെ ഗാന്ധി നഗര്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റിയിലെ ഡീന്‍), ഡോ.പി പ്രഭാകരന്‍ (പ്രൊഫസര്‍, അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം), ഡോ.അശ്വിന്‍ അനില്‍ ഗുമസ്തെ (അസോസിയേറ്റ് പ്രൊഫസര്‍, ഐഐടി മുംബൈ) എന്നിവരടങ്ങിയതാണ് സമിതി.
Story Highlights : binoy viswam and sandeep warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here