Advertisement

ഗാരി കേർസ്റ്റൺ പാകിസ്താൻ പരിശീലക സ്ഥാനത്തേക്ക്?

October 28, 2021
Google News 2 minutes Read
gary kirsten coach pakistan

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ പരിശീലകൻ ഗാരി കേർസ്റ്റൺ പാകിസ്താൻ പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോർട്ടുകൾ. മുഴുവൻ സമയ പരിശീലകനായി കേർസ്റ്റനെ എത്തിക്കാൻ പിസിബി ശ്രമിക്കുന്നു എന്നാണ് സൂചന. ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത കേർസ്റ്റൺ ദക്ഷിണാഫ്രിക്കയെയും പരിശീലിപ്പിച്ചിട്ടുണ്ട്. (gary kirsten coach pakistan)

പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ് ആയിരുന്നു നേരത്തെ പാക് പരിശീലകൻ. എന്നാൽ, ടി-20 ലോകകപ്പിനു മുന്നോടിയായി മിസ്ബയെ മാറ്റി. പകരം മുൻ ഇതിഹാസ താരം സഖ്‌ലൈൻ മുഷ്താഖ് ടീമിൻ്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ഗാരി കേർസ്റ്റണിൻ്റെ പേര് ഉയർന്നുകേൾക്കുന്നത്. പിസിബി ചെയർമാൻ റമീസ് രാജയ്ക്ക് കേർസ്റ്റണിൽ താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2008 മുതൽ 2011 വരെയാണ് കേർസ്റ്റൺ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്. 2011ൽ കേർസ്റ്റണിൻ്റെ പരിശീലനത്തിനു കീഴിലാണ് ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. ഇക്കാലയളവിൽ ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തുകയും ചെയ്തു. ലോകകപ്പ് വിജയത്തിനു പിന്നാലെ കേർസ്റ്റൺ സ്ഥാനമൊഴിയുകയായിരുന്നു.

Read Also : ഇനി പാകിസ്താനെതിരെ കളിച്ചാൽ ഇന്ത്യ വിജയിക്കും: ഹർഭജൻ സിംഗ്

അതേസമയം, ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ പാകിസ്താൻ തുടർച്ചയായ രണ്ടാം ജയം കുറിച്ചു. ന്യൂസീലൻഡിനെ കീഴടക്കിയാണ് പാകിസ്താൻ രണ്ടാം ജയം കുറിച്ചത്. കിവീസിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ മറികടന്നത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടന്നു. 33 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ പാകിസ്താൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ പാകിസ്താൻ ഗ്രൂപ്പ് രണ്ടിൽ ഒന്നാമതെത്തി. അഫ്ഗാനിസ്ഥാൻ രണ്ടാമതും നമീബിയ മൂന്നാമതുമാണ്. ന്യൂസീലൻഡ്, ഇന്ത്യ, സ്കോട്ട്‌ലൻഡ് എന്നീ ടീമുകളാണ് അടുത്ത സ്ഥാനങ്ങളിൽ.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസെടുത്തു. 27 റൺസ് വീതം നേടിയ ഡാരിൽ മിച്ചലും ഡെവോൺ കോൺവേയുമാണ് കിവീസിൻ്റെ ടോപ്പ് സ്കോറർമാർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി.

Story Highlights : gary kirsten to coach pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here