പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ആദ്യ വനിതാ പരിശീലകയായി സാറ ടെയ്‌ലർ

പ്രൊഫഷണൽ പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ആദ്യ വനിതാ പരിശീലകയായി സാറ ടെയ്‌ലർ. നവംബർ 19 ന് ആരംഭിക്കുന്ന അബുദാബി ടി10 ലീഗിനുള്ള ടീം അബുദാബിയുടെ അസിസ്റ്റന്റ് കോച്ചായി ഇംഗ്ലണ്ട് മുൻ വിക്കറ്റ് കീപ്പർ ബാറ്റർ സാറ നിയമിക്കപ്പെട്ടു. പുതിയ ചുമതല ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടെയ്‌ലർ പറഞ്ഞു
ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ലോകമെമ്പാടുമുള്ള കളിക്കാരെയും പരിശീലകരെയും ലഭിക്കും. ഈ കൂട്ടത്തിൽ നിന്ന് തന്നെ കണ്ടെത്തി ഏൽപ്പിച്ച ചുമതല ചെറുതല്ല. തനിക്ക് ലഭിച്ച അവസരം നാളെ പലർക്കും ലഭിക്കും. ഇത് അവർക്കുള്ള ഒരു പ്രചോദനം ആവട്ടെ… അവൾക്ക് അത് കഴിയുമെങ്കിൽ, എന്തുകൊണ്ട് എനിക്ക് കഴിയില്ല’ എന്ന മനോഭാവത്തിൽ കൂടുതൽ വനിതകൾ മുന്നോട്ട് വരണമെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു.
വനിതാ ക്രിക്കറ്റിൽ 2006-ൽ അരങ്ങേറ്റം കുറിച്ച ശേഷം, 32-കാരിയായ ടെയ്‌ലർ 2019-ൽ വിരമിച്ചു. കരിയറിൽ 10 ടെസ്റ്റുകളിലും 126 ഏകദിനങ്ങളിലും 90 ടി20യിലും കളിച്ചു. രണ്ട് ഐസിസി വനിത ലോകകപ്പുകൾ, ടി20 ലോകകപ്പ് എന്നിവ ടെയ്‌ലറുടെ നേതൃത്വത്തിൽ ഇംഗ്ലണ്ട് നേടിയിരുന്നു.