സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ബുധനാഴ്ച്ച വരെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച 13 ജില്ലകളിൽ യല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള തീരത്ത് നിന്ന് ബുധനാഴ്ച്ച വരെയും ലക്ഷദ്വീപ് തീരത്ത് നിന്ന് വ്യാഴാഴ്ച്ച വരെയും മത്സ്യ ബന്ധനം വിലക്കി. നിലവിൽ ശ്രീലങ്കക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം അടുത്ത 2-3 ദിവസം അവിടെത്തന്നെ നിൽക്കാനും തുടർന്ന് അറബിക്കടലിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
Story Highlights : heavy rain till thursday kerala