ലേലത്തിനു മുൻപ് പുതിയ ടീമുകൾ നോട്ടമിടുന്നത് ഡേവിഡ് വാർണറും സൂര്യകുമാർ യാദവും അടക്കമുള്ള താരങ്ങളെ

അടുത്ത ഐപിഎൽ സീസണിലേക്കുള്ള മെഗാ ലേലത്തിനു മുന്നോടിയായി പുതിയ രണ്ട് ടീമുകൾക്ക് 3 താരങ്ങളെ വീതം സ്വന്തമാക്കാൻ അവസരമുണ്ട്. ഫ്രാഞ്ചൈസികൾ നിലനിർത്താത്ത താരങ്ങളെയാണ് ടീമിലെത്തിക്കാൻ അനുവാദമുള്ളത്. ഇത്തരത്തിൽ വളരെ മികച്ച ചില താരങ്ങളെ പുതിയ ഫ്രാഞ്ചൈസികൾ നോട്ടമിടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. (ipl teams players auction)
സൺറൈസേഴ്സിൻ്റെ മുൻ ക്യാപ്റ്റനും ഓസ്ട്രേലിയൻ സൂപ്പർ താരവുമായ ഡേവിഡ് വാർണർ, ഡൽഹി ക്യാപിറ്റൽസിൻ്റെ മുൻ ക്യാപ്റ്റൻ ശ്രേയാസ് അയ്യർ, മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ, മുംബൈ ഇന്ത്യൻസ് ബാറ്റർ സൂര്യകുമാർ യാദവ്, പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ, സൺറൈസേഴ്സ് മുൻ ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ തുടങ്ങിയവർ ടീമുകളുടെ റഡാറിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Also : ഐപിഎൽ: മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകൾക്കും നാല് താരങ്ങളെ നിലനിർത്താൻ ഭരണസമിതി തീരുമാനം
ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം വിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്, ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ എന്നിവരെയാവും മുംബൈ ഇന്ത്യൻസ് നിലനിർത്തുകയെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ അവരുടെ സുപ്രധാന താരങ്ങളായ ഹർദ്ദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ടീമിൽ നിന്ന് പുറത്താവും. അതുകൊണ്ട് തന്നെ പുതിയ ഫ്രാഞ്ചൈസികൾ ഇരുവരെയും ടീമിലെത്തിക്കാൻ ശ്രമിക്കും. താൻ ഇനി സൺറൈസേഴ്സിൽ കളിക്കില്ലെന്നും മെഗാ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യുമെന്നുമാണ് ഡേവിഡ് വാർണർ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വാർണർ പുതിയ ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആയേക്കാം. ലോകേഷ് രാഹുൽ പഞ്ചാബ് ക്യാപ്റ്റനായി തുടർന്നേക്കില്ലെന്നും സൂചനയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ രാഹുലിനെയും പുതിയ ടീമുകൾ റാഞ്ചിയേക്കാം.
രണ്ടുവീതം ഇന്ത്യൻ, വിദേശ താരങ്ങളേയും നിലനിർത്താം അല്ലെങ്കിൽ മൂന്ന് ഇന്ത്യൻ താരങ്ങളേയും ഒരു വിദേശതാരത്തേയും എന്നതാണ് വ്യവസ്ഥ. ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാവുന്ന പരമാവധി തുക കഴിഞ്ഞ സീസണിലെ 85 കോടിയിൽ നിന്ന് 90 കോടിയായി ഉയർത്തിയിട്ടുമുണ്ട്.
2018ലെ മെഗാ താരലേലത്തിലേതുപോലെ ടീമുകൾക്ക് റൈറ്റ് ടു മാച്ച് കാർഡ് ഇത്തവണ ഉപയോഗിക്കാനാവില്ല. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബർ മാസം അവസാനത്തോടെ പുറത്തുവിടണമെന്നാണ് അനൗദ്യോഗിക നിർദ്ദേശം.
Story Highlights : ipl teams players auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here