കേരളത്തിലെ നിർത്താതെയുള്ള മഴയ്ക്ക് കാരണം ആർട്ടിക് സമുദ്രത്തിലെ മഞ്ഞുവീഴ്ചയോ? പഠനത്തിൽ പറയുന്നതെന്ത്…
കേരളം ഉൾപ്പെടെ ഇന്ത്യയിൽ അതിരൂക്ഷമായ മഴയാണ് അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും എല്ലാം ഇതിന്റെ അന്തരഫലമായി സംഭവിക്കുന്നു. എന്തായിരിക്കും ഇവിടുത്തെ മൺസൂൺ പെരുമഴയ്ക്ക് പിന്നിൽ? ഇന്ത്യൻ നോർവീജിയൻ ശാസ്ത്രജ്ഞർ നേച്ചർ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇവിടുത്തെ മഴയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഈ പഠനത്തിൽ ഇവിടെയുള്ള അതിശക്തമായ മഴയും ആർട്ടിക്കിലെ മഞ്ഞ് ദ്രുതഗതിയിൽ ഉരുകുന്നതും തമ്മിൽ ബന്ധമുണ്ടെന്നും പറയുന്നു. ഇന്ത്യയിൽ നിന്ന് 9000 കിലോമീറ്റർ അകലെയാണ് ആർട്ടിക് സ്ഥിതി ചെയ്യുന്നത്.
നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ (NCPOR) അന്തരീക്ഷ-സമുദ്ര ഇടപെടലുകളെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്ധനായ സൗരവ് ചാറ്റർജിയുടെ നേതൃത്വത്തിലാണ് “ആർട്ടിക് സമുദ്രത്തിലെ മഞ്ഞുവീഴ്ചയും ഇന്ത്യൻ വേനൽക്കാല മൺസൂൺ മഴയുടെ തീവ്രതയും തമ്മിലുള്ള ബന്ധം” എന്ന തലക്കെട്ടിലുള്ള പഠനം നടത്തിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർട്ടിക്കിലെ ബാരന്റ്സ്-കാര കടൽ മേഖലയിൽ വേനൽക്കാലത്ത് ക്രമാതീതമായി മഞ്ഞുരുകുമ്പോൾ ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തീവ്രമായ മഴയും ലഭിക്കുന്നുണ്ട്. ആർട്ടിക്കിലെ അന്തരീക്ഷ മാറ്റവും ഈർപ്പവും ഏഷ്യയിലേക്ക് വ്യാപിക്കുന്നു. അതോടൊപ്പം അറബിക്കടലിലെ കൂടിയ താപവും മഴയ്ക്ക് കാരണമാകുന്നുണ്ടെന്ന് സൗരവ് ചാറ്റർജി ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു.
ആഗോള താപനം വളരെ വേഗത്തിൽ ബാധിക്കുന്ന മേഖലയാണ് ആർട്ടിക് പ്രദേശങ്ങൾ. എങ്ങനെയാണ് ഇത് ബാധിക്കുന്നത് എന്നതിനെ കുറിച്ച് ഇനിയും കൂടുതൽ പഠനങ്ങൾ നടത്തേണ്ടി വരും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ത്യയിൽ ഈ വർഷം പ്രതീക്ഷിച്ചതിലും അധിക മഴയാണ് ലഭിച്ചത്. കേരളം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളെ തീവ്രമായാണ് മൺസൂൺ പെരുമഴ ബാധിച്ചത്. സാധാരണയായി ഒക്ടോബറിലാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വിടവാങ്ങുന്നത്. എന്നാൽ 2018 മുതൽ ഇങ്ങോട്ട് കേരളത്തിൽ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പെരുമഴയും വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്. ഈ വർഷവും കേരളത്തിൽ മിക്കയിടങ്ങളിലും ഉരുൾപൊട്ടലും കനത്ത നാശനഷ്ടവും ആളപായവും സംഭവിച്ചു. ഇപ്പോഴും കേരളത്തിൽ മഴ തുടരുകയാണ്.
കടലിൽ സംഭവിക്കുന്ന മഞ്ഞുരുക്കം അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ആർട്ടിക് അന്തരീക്ഷത്തിലെ ഈ മാറ്റങ്ങൾ പതിയെ ഏഷ്യയിലേക്കും വ്യാപിക്കുന്നു. ഇതാണ് ഇവിടുത്തെ കനത്ത മഴയ്ക്ക് പിന്നിലെ കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ മഴകണക്കും നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റയുമാണ് പഠനത്തിന് വിധേയമാക്കിയത്.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here