അനായാസം ഓസ്ട്രേലിയ; ജയം 8 വിക്കറ്റിന്

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഓസ്ട്രേലിയ. 9 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 74 റൺസ് വിജയലക്ഷ്യം 6.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 20 പന്തുകളിൽ 40 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. (australia won bangladesh t20)
കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിൻ്റെ ദയനീയ തോൽവി വഴങ്ങിയ ഓസ്ട്രേലിയക്ക് ഇന്നത്തെ കളിയിൽ മികച്ച ജയം അനിവാര്യമായിരുന്നു. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഫിഞ്ച് ഈ ലക്ഷ്യത്തിലേക്കാണ് ബാറ്റ് വീശിയത്. ഗ്രൗണ്ടിൻ്റെ നാലുപാടും അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഫിഞ്ച് അഞ്ചാം ഓവറിലാണ് പുറത്തായത്. ടസ്കിൻ അഹ്മദിനായിരുന്നു വിക്കറ്റ്. ഷൊരീഫുൽ ഇസ്ലാം എറിഞ്ഞ അടുത്ത ഓവറിൽ വാർണറും (18) പുറത്തായി. എന്നാൽ, തുടർ ബൗണ്ടറികൾ നേടിയ മിച്ചൽ മാർഷ് ഓസീസിനെ അനായാസ ജയത്തിലെത്തിക്കുകയായിരുന്നു. മാർഷ് (5 പന്തിൽ 16) പുറത്താവാതെ നിന്നു. ജയത്തോടെ ഓസ്ട്രേലിയ ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്തെത്തി. 4 മത്സരങ്ങളിൽ മൂന്ന് ജയം സഹിതം 6 പോയിൻ്റാണ് ഓസ്ട്രേലിയക്കുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കും 6 പോയിൻ്റുണ്ടെങ്കിലും ഇന്നത്തെ തകർപ്പൻ ജയത്തോടെ ഓസീസ് നെറ്റ് റൺ റേറ്റിൽ ദക്ഷിണാഫ്രിക്കയെ മറികടന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 15 ഓവറിൽ 73 റൺസ് മാത്രമെടുത്ത് എല്ലാവരും പുറത്തായി. ആകെ മൂന്ന് പേർ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം കടന്നത്. 19 റൺസ് നേടിയ ഷമീം ഹൊസൈനാണ് ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ആദം സാമ്പ അഞ്ച് വിക്കറ്റ് വീഴ്ത്തി.
Story Highlights : australia won bangladesh t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here