Advertisement

പൂരാന്റെയും ഹെട്‌മെയറുടെയും പോരാട്ടം പാഴായി; ശ്രീലങ്കയ്ക്ക് 20 റൺസ് ജയം

November 4, 2021
Google News 2 minutes Read
srilanka won west indies

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് ജയം. 20 റൺസിനാണ് ശ്രീലങ്ക സൂപ്പർ 12ലെ രണ്ടാം ജയം കുറിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 190 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 81 റൺസെടുത്ത് പുറത്താവാതെ നിന്ന ഷിംറോൺ ഹെട്‌മെയറാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഹെട്‌മെയറിനൊപ്പം നിക്കോളാസ് പൂരാന് (46) മാത്രമേ വിൻഡീസ് നിരയിൽ ഇരട്ടയക്കം കടക്കാനായുള്ളൂ. ശ്രീലങ്കക്കായി വനിന്ദു ഹസരങ്ക, ചമിക കരുണരത്നെ, ബിനുര ഫെർണാണ്ടോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. (srilanka won west indies)

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസ് തകർച്ചയോടെയാണ് തുടങ്ങിയത്. ക്രിസ് ഗെയ്‌ലിനും (1) എവിൻ ലൂയിസിനും (8) ഏറെ നേരം ക്രീസിൽ തുടരാനായില്ല. രണ്ടാം ഓവറിൽ തന്നെ ഇരുവരെയും പുറത്താക്കിയ ബിനുര ഫെർണാണ്ടോ ശ്രീലങ്കയ്ക്ക് തകർപ്പൻ തുടക്കം നൽകി. മൂന്നാം നമ്പറിലെത്തിയ നിക്കോളാസ് പൂരാൻ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. റോസ്റ്റൻ ചേസുമൊത്ത് 37 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ പൂരാൻ വിൻഡീസിനെ കൈപിടിച്ചുയർത്തി. എന്നാൽ, പവർപ്ലേയുടെ അവസാന ഓവറിൽ റോസ്റ്റൻ ചേസ് (9) കരുണരത്നെയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ വിൻഡീസ് പതറി.

Read Also: നിസ്സങ്കയ്ക്കും അസലങ്കയ്ക്കും ഫിഫ്റ്റി; ശ്രീലങ്കയ്ക്ക് തകർപ്പൻ സ്കോർ

അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ ഷിംറോൺ ഹെട്‌മെയർ പൂരാന് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 30 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 12ആം ഓവറിൽ പൂരാൻ വീണു. 34 പന്തുകളിൽ 46 റൺസെടുത്ത താരത്തെ ദുഷ്മന്ത ചമീരയാണ് പുറത്താക്കിയത്. പിന്നീട് വിൻഡീസിന് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. ആന്ദ്രേ റസൽ (2) കരുണ രത്നെയ്ക്ക് മുന്നിൽ വീണപ്പോൾ കീറോൺ പൊള്ളാർഡ് (0), ഡ്വെയിൻ ബ്രാവോ (0) എന്നിവർ ഹസരങ്കയുടെ ഇരകളായി മടങ്ങി. ഹോൾഡറെ (8) ദാസുൻ ഷനക മടക്കി.

ഇതിനിടെ 38 പന്തുകളിൽ ഹെട്‌മെയർ ഫിഫ്റ്റി തികച്ചു. ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും തകർപ്പൻ പോരാട്ടവീര്യം പുറത്തെടുത്ത യുവതാരം ജയത്തിനായി കിണഞ്ഞുശ്രമിച്ചെങ്കിലും സാധിച്ചില്ല. 81 റൺസ് നേടിയ ഹെട്‌മെയർ പുറത്താവാതെ നിന്നു. തോൽവിയോടെ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസ് ലോകകപ്പിൽ നിന്ന് പുറത്തായി. ശ്രീലങ്ക നേരത്തെ പുറത്തായിരുന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസ് നേടി. ശ്രീലങ്കക്കായി പാത്തും നിസ്സങ്കയും ചരിത് അസലങ്കയും ഫിഫ്റ്റി നേടി. 68 റൺസെടുത്ത അസലങ്കയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. വിൻഡീസിനായി ആന്ദ്രേ റസൽ 2 വിക്കറ്റ് വീഴ്ത്തി.

Story Highlights :srilanka won west indies t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here