കൃഷ്ണപ്രിയയുടെ പഠനം മുടങ്ങിയതില്‍ ഇടപെട്ട് വിദ്യാഭ്യാസമന്ത്രി; ട്വന്റിഫോര്‍ ഇംപാക്ട്
കോഴിക്കോട് നെന്മണ്ടയില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണപ്രിയയുടെ പഠനം മുടങ്ങിയെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൃഷ്ണപ്രിയയുടെ പഠനം ഒരു കാരണവശാലും മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. കൃഷ്ണപ്രിയയുടെ പഠനം മുടങ്ങിയ വാര്‍ത്ത ട്വന്റിഫോറാണ് പുറത്തുവിട്ടത്.
ഒരു കുട്ടി മാത്രമേ ക്ലാസിലുള്ളൂവെങ്കിലും പഠനം തുടരാനാണ് സര്‍ക്കാര്‍ നയം. സര്‍ക്കാര്‍ നയം തിരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബുവിനാണ് അന്വേഷണ ചുമതല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
കോഴിക്കോട് ജില്ലയിലെ നന്മണ്ട എയുപി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൃഷ്ണപ്രിയ.ക്ലാസിലെ ഏക വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയ്ക്ക് സൂപ്പര്‍ ചെക്ക് സെല്ലിന്റെ പരിശോധനാദിവസം അസുഖംമൂലം ഹാജരാകാന്‍ കഴിയാതിരുന്നതാണ് പഠനം പ്രതിസന്ധിയിലാകാന്‍ കാരണം. ഇതോടെ സ്‌കൂളിലെ മൂന്നാംക്ലാസുതന്നെ വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കുകയും അധ്യാപികയെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
Read Also: വിദ്യാഭ്യാസ വകുപ്പിന്റെ കണക്കെടുപ്പില്‍ വ്യാജ അഡ്മിഷന്‍; പഠനം പ്രതിസന്ധിയിലായി മൂന്നാംക്ലാസുകാരി
2019ലാണ് നന്മണ്ട എയുപി സ്‌കൂളിലെ ഒന്നാംക്ലാസില്‍ കൃഷ്ണപ്രിയ പ്രവേശനം നേടുന്നത്. ശരിയായ അഡ്മിഷനാണെന്നു തെളിയിക്കാന്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നിരവധി ഓഫിസുകളില്‍ കൃഷ്ണപ്രിയയും രക്ഷിതാക്കളും ഹാജരായി. യൂണിഫോം, സ്‌കോളര്‍ഷിപ്പ്, ഉച്ചഭക്ഷണം, കിറ്റ്, പുസ്തകങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഈ വിദ്യാര്‍ത്ഥിനിക്ക് നഷ്ടപ്പെട്ടു. കൃഷ്ണപ്രിയ സ്‌കൂള്‍ പ്രവേശനം നേടിയതായി വിദ്യഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ എന്ന സോഫ്റ്റ്വെയറിലുണ്ടെങ്കിലും പരിശോധനാ റിപ്പോര്‍ട്ട് മറിച്ചായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
Story Highlights : v shivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here