വിദ്യാഭ്യാസ വകുപ്പിന്റെ കണക്കെടുപ്പില്‍ വ്യാജ അഡ്മിഷന്‍; പഠനം പ്രതിസന്ധിയിലായി മൂന്നാംക്ലാസുകാരി

ഏത് സ്‌കൂളിലാണ് പഠിക്കുന്നതെന്നുചോദിച്ചാല്‍ കൃഷ്ണപ്രിയ എന്ന മൂന്നാംക്ലാസുകാരിക്ക് ഉത്തരമുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കില്‍ കൃഷ്ണപ്രിയയുടേത് വ്യാജ അഡ്മിഷനാണ്. വകുപ്പിന്റെ അനാസ്ഥയില്‍ കോഴിക്കോട് ജില്ലയിലെ നന്മണ്ട എയുപി സ്‌കൂളിലെ കൃഷ്ണപ്രിയയുടെ പഠനമാണ് പ്രതിസന്ധിയിലായത്.
ക്ലാസിലെ ഏക വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയ്ക്ക് സൂപ്പര്‍ ചെക്ക് സെല്ലിന്റെ പരിശോധനാദിവസം അസുഖംമൂലം ഹാജരാകാന്‍ കഴിയാതിരുന്നതാണ് കാരണം. ഇതോടെ നന്മണ്ട എയുപി സ്‌കൂളിലെ മൂന്നാംക്ലാസുതന്നെ വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. അധ്യാപികയെ സ്ഥലംമാറ്റുകയും ചെയ്തു.
2019ലാണ് നന്മണ്ട എയുപി സ്‌കൂളിലെ ഒന്നാംക്ലാസില്‍ കൃഷ്ണപ്രിയ പ്രവേശനം നേടുന്നത്. ശരിയായ അഡ്മിഷനാണെന്നു തെളിയിക്കാന്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നിരവധി ഓഫിസുകളില്‍ കൃഷ്ണപ്രിയയും രക്ഷിതാക്കളും ഹാജരായി. യൂണിഫോം, സ്‌കോളര്‍ഷിപ്പ്, ഉച്ചഭക്ഷണം, കിറ്റ്, പുസ്തകങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഈ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമാവുകയാണ്.
കൃഷ്ണപ്രിയ സ്‌കൂള്‍ പ്രവേശനം നേടിയതായി വിദ്യഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ എന്ന സോഫ്റ്റ്‌വെയറിലുണ്ടെങ്കിലും പരിശോധനാ റിപ്പോര്‍ട്ട് മറിച്ചാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ കുറിച്ചൊന്നും കൃഷ്ണപ്രിയയ്ക്ക് അറിയില്ല. സ്‌കൂള്‍ തുറന്ന ദിവസം മുതല്‍ കൃത്യമായി ക്ലാസിലെത്തുന്നുണ്ട് ഈ മിടുക്കി. പക്ഷേ എത്രനാള്‍ തുടരാന്‍ കഴിയുമെന്ന് ഉറപ്പില്ല.
Story Highlights : school admission issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here