ഹരിയാനയിൽ കർഷക പ്രതിഷേധം; ബിജെപി എംപി രാം ചന്ദ്ര ജാൻഗറിനെ തടഞ്ഞു

ഹരിയാനയിൽ വീണ്ടും കർഷക പ്രതിഷേധം. കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനെയും സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു. മുദ്രാവാക്യങ്ങളുമായി എത്തിയ കർഷകർ എംപിക്കുനേരെ കരിങ്കൊടി കാണിച്ചു.
ഹിസാറിൽ ബിജെപി പരിപാടിക്കെത്തുന്നതിനിടെയായിരുന്നു ജാൻഗറിനെ കർഷകർ തടഞ്ഞത്. ഇതിനിടെയുണ്ടായ കൈയേറ്റത്തിൽ എംപിയുടെ വാഹനത്തിന്റെ ചില്ല് തകർന്നു. തന്റെ കാറിന് കേടുപാടുകൾ വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാജ്യസഭാംഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചില കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേദാർനാഥിലെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റോത്തക്കിൽ നടക്കുന്ന ബിജെപി പരിപാടിക്കിടെയാണ് ബിജെപി ഹരിയാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെ കർഷകർ തടഞ്ഞത്. നേതാക്കന്മാരെ തടഞ്ഞതിനെ തുടർന്ന് പൊലീസുമായി സംഘർഷവുമുണ്ടായി.
കഴിഞ്ഞ ദിവസം ഹിസാറിൽ നടന്ന പരിപാടിക്കിടെ കർഷക പ്രതിഷേധത്തിനെതിരെ എംപി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തൊഴിൽരഹിതരായ മദ്യപാനികളാണ് സമരം നടത്തുന്നതെന്നായിരുന്നു വിവാദ പരാമർശം. പ്രതിഷേധം നടത്തുന്നവരിൽ ഒറ്റ കർഷകരില്ലെന്നും ജാൻഗർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here