വ്യാജ ഡീസല്‍ ഉപയോഗം; പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ വ്യാജ ഡീസല്‍ ഉപയോഗം തടയാന്‍ കര്‍ശന പരിശോധന നടത്തുമെന്ന് മന്ത്രി ആന്റണി രാജു. വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട വ്യാജ ഡീസല്‍ വാഹനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇന്ധനക്കമ്പനി പ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.
വ്യവസായാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട പ്രത്യേക തരം ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാലുണ്ടാകാവുന്ന തീപിടുത്ത സാധ്യതയും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് നടപടി. ഇന്ധന വിലയിലെ ചെറിയ ലാഭം മുന്നില്‍ കണ്ടുള്ള വാഹന ഉടമകളുടെ ഈ പ്രവൃത്തി മൂലം യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
വ്യാജ ഇന്ധനം ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെ നിരീക്ഷിച്ച് രജിസ്ട്രേഷനും പെര്‍മിറ്റും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നൽകി. വ്യാജ ഡീസലുപയോഗിക്കുന്ന പ്രദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് അപകടകരമായ ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഡ്രൈവര്‍മാരും വാഹന ഉടമകളും പിന്മാറണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here