ജോജു ജോർജ് വിഷയത്തിൽ സിപിഐഎം ഇടപെട്ടു; മന്ത്രിമാർവരെ പ്രശ്‌നം തീർക്കരുതെന്ന് നിർദേശം നൽകി; കെ സുധാകരൻ

ജോജു ജോർജുമായുള്ള വിഷയത്തിൽ സിപിഐഎം ഉന്നത നേതൃത്വം ഇടപെട്ടെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മന്ത്രിമാർ വരെ പ്രശ്‌നം തീർക്കരുതെന്ന് നിർദേശം നൽകി. ജോജു ജോർജ് വിഷയത്തിൽ ജയിലിൽ പോകാനും മടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നടൻ ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.
അതേസമയം ജോജുവിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്. ഒത്തുതീർപ്പ് സാധ്യത കുറഞ്ഞതോടെയാണ് ജോജു ജോർജിനെതിരെ കോൺഗ്രസ് നിലപാട് കടുപ്പിച്ചത്. ജോജു കള്ളക്കേസ് നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് നേതൃത്വം. ഒത്തുതീർപ്പിനെത്തിയ ജോജു കേസിൽ എതിർ കക്ഷി ചേർന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച കോൺഗ്രസ് മഹിള കോൺഗ്രസ് നൽകിയ പരാതിയിൽ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
ഇതിനിടെ ഇന്ധനവില കുറയ്ക്കില്ലെന്ന് സംസ്ഥാന സർക്കാർ വാശിപിടിക്കുന്നെന്ന് കെ സുധാകരൻ ആരോപിച്ചു. ഇന്ധനത്തിൽ അധിക നികുതി വേണ്ടെന്ന് വയ്ക്കാൻ സർക്കാർ തയാറാകണം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് സി പി ഐ എം നിലപാട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി കുറയ്ക്കണമെന്ന് എഐ സി സി നിർദേശം നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Read Also : ഒത്തുതീര്‍പ്പിനില്ല; ജോജു ജോര്‍ജ് ആദ്യം പരാതി പിന്‍വലിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്
അതിനിടെ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ മറ്റന്നാൾ കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.
Story Highlights : K Sudhakaran on joju george issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here