മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് തകർപ്പൻ ജയം

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് തകർപ്പൻ ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ്പും സംഘവും യുണൈറ്റഡിനെ കെട്ടുകെട്ടിച്ചത്. സിറ്റിയുടെ ആദ്യ ഗോൾ എറിക് ബെയി നേടിയ സെൽഫ് ഗോൾ ആയിരുന്നു. ബെർണാഡോ സിൽവ സിറ്റിയുടെ രണ്ടാം ഗോൾ നേടി. ക്രോസ് ബാറിനു കീഴിൽ അസാമാന്യ പ്രകടനം നടത്തിയ ഡേവിഡ് ഡി ഗിയ ആണ് യുണൈറ്റഡിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. (manchester city defeated united)
ഏഴാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ജാവോ കാൻസലോയുടെ ക്രോസ് രക്ഷിക്കാനുള്ള എറിക് ബെയിയുടെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. പിന്നീട് കളി സാവധാനത്തിൽ പുരോഗമിച്ചു. എന്നാൽ, 28ആം മിനിട്ടിൽ ഗബ്രിയേൽ ജെസൂസിൻ്റെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് ഡി ഗിയ സാഹസികമായി സേവ് ചെയ്തതോടെ കളി ചൂടുപിടിച്ചു. തുടർന്നങ്ങോട്ട് ക്രോസ് ബാറിനു മുന്നിൽ സ്പാനിഷ് ഗോളിയുടെ തകർപ്പൻ പ്രകടനമാണ് കണ്ടത്. ഡിബ്രുയിൻ്റെയും ജാവോ കാൻസലോയുടെയും ഷോട്ടുകൾ ഐതിഹാസികമായി രക്ഷിച്ച ഡി ഗിയ ലിൻഡലോഫിൻ്റെ സെൽഫ് ഗോളും സേവ് ചെയ്തു. എന്നാൽ, ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ഡി ഗിയയും വീണു. ജാവോ കാൻസലോയുടെ അസിസ്റ്റിൽ നിന്ന് ബെർണാഡോ സിൽവ സിറ്റിയുടെ രണ്ടാം ഗോൾ നേടി.
രണ്ടാം പകുതിയിൽ ജേഡൻ സാഞ്ചോയെയും മാർക്കസ് റാഷ്ഫോർഡിനെയും ഇറക്കി ഒലെ പോസിറ്റീവ് മാറ്റം കൊണ്ടുവന്നെങ്കിലും കളത്തിൽ അത് കണ്ടില്ല. രണ്ടാം പകുതിയിൽ ഒരു തവണ പോലും പോസ്റ്റിലേക്ക് ഷോട്ട് തൊടുക്കാൻ യുണൈറ്റഡിനു സാധിച്ചില്ല.
ജയത്തോടെ സിറ്റി 23 പോയിൻ്റുമായി പട്ടികയിൽ രണ്ടാമത് എത്തി. 17 പോയിൻ്റുള്ള യുണൈറ്റഡ് അഞ്ചാമതാണ്.
Story Highlights : manchester city defeated united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here