Advertisement

തുടക്കവും ഒടുക്കവും കലക്കി വിൻഡീസ്; ഓസ്ട്രേലിയക്ക് 158 റൺസ് വിജയലക്ഷ്യം

November 6, 2021
Google News 2 minutes Read
west indies innings australia

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് 158 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 44 റൺസെടുത്ത ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് 4 വിക്കറ്റ് വീഴ്ത്തി. (west indies innings australia)

ഗംഭീര തുടക്കമാണ് ക്രിസ് ഗെയിലും എവിൻ ലൂയിസും ചേർന്ന് വിൻഡീസിനു നൽകിയത്. ആദ്യ ഓവറുകളിൽ തുടരെ ബൗണ്ടറിയടിച്ച സഖ്യം ആദ്യ രണ്ട് ഓവറുകളിൽ 24 റൺസ് അടിച്ചുകൂട്ടി. എന്നാൽ, മൂന്നാം ഓവറിൽ ഗെയിൽ മടങ്ങി. 9 പന്തുകളിൽ 15 റൺസെടുത്ത ഗെയിൽ പാറ്റ് കമ്മിൻസിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. മടങ്ങുമ്പോൾ ബാറ്റുയർത്തി ഗ്യാലറിയെ അഭിവാദ്യം ചെയ്ത താരം രാജ്യാന്തര മത്സരങ്ങളിൽ നിന്നെങ്കിലും പാഡഴിച്ചേക്കുമെന്ന സൂചനയും നൽകി.

നിക്കോളാസ് പൂരാൻ (4), റോസ്റ്റൺ ചേസ് (0) എന്നിവരെ ജോഷ് ഹേസൽവുഡ് ഒരു ഓവറിൽ മടക്കിയതോടെ വിൻഡീസ് പതറി. നാലാം വിക്കറ്റിൽ എവിൻ ലൂയിസും ഷിംറോൺ ഹെട്‌മെയറും ചേർന്ന് ഇന്നിംഗ്സ് റീബിൽഡ് ചെയ്യാൻ ശ്രമിച്ചു. 35 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 29 റൺസെടുത്ത എവിൻ ലൂയിസിനെ പുറത്താക്കിയ ആദം സാമ്പ ഈ കൂട്ടുകെട്ട് പൊളിച്ചു. ഏറെ വൈകാതെ ഷിംറോൺ ഹെട്‌മെയറും (27) പുറത്തായി. ഹേസൽവുഡിനായിരുന്നു വിക്കറ്റ്. വിൻഡീസ് ജഴ്സിയിൽ അവസാന മത്സരത്തിനിറങ്ങിയ ബ്രാവോയും (10) ഹേസൽവുഡിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

സഹതാരങ്ങളൊക്കെ വേഗം മടങ്ങിയപ്പോഴും ഒരു ക്യാപ്റ്റൻ്റെ ഇന്നിംഗ്സ് കാഴ്ചവച്ച കീറോൺ പൊള്ളാർഡ് ആണ് നിലവിലെ ചാമ്പ്യന്മാരെ മാന്യമായ സ്കോറിലെത്തിച്ചത്. 31 പന്തുകളിൽ 44 റൺസെടുത്ത പൊള്ളാർഡിനെ അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്ക് മടക്കി. അവസാന രണ്ട് പന്തുകളിൽ തുടരെ സിക്സറുകടിച്ച ആന്ദ്രേ റസൽ വിൻഡീസിനെ 157ലെത്തിക്കുകയായിരുന്നു. 7 പന്തുകളിൽ 18 റൺസെടുത്ത റസൽ പുറത്താവാതെ നിന്നു.

Story Highlights : west indies innings australia t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here