Advertisement

ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കളി തുടരും: ഡ്വെയിൻ ബ്രാവോ

November 7, 2021
Google News 2 minutes Read
franchise cricket Dwayne Bravo

രാജ്യാന്തര മത്സരങ്ങളിൽ നിന്ന് മാത്രമാണ് താൻ വിരമിച്ചതെന്ന് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ. വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ കളി തുടരും. കുറച്ചു നാൾ മുൻപ് വിരമിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു എന്നും ബ്രാവോ ഇന്നലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനു ശേഷം പറഞ്ഞു. (franchise cricket Dwayne Bravo)

“ശരീരം അനുവദിക്കുന്നത് വരെ ഞാൻ ക്രിക്കറ്റ് കളിക്കും. കുറച്ച് വർഷങ്ങൾക്ക് മുൻപ് വിരമിക്കാനായിരുന്നു തീരുമാനം. പക്ഷേ, നേതൃനിരയിലും പ്രസിഡൻസിയിലുമുണ്ടായ മാറ്റം കാരണം ആ തീരുമാനം മാറ്റി. വിരമിക്കാൻ ശരിയായ സമയമാണ് ഇതെന്ന് എനിക്ക് തോന്നുന്നു. യുവതാരങ്ങൾക്ക് കടന്നുവരാൻ സാധിക്കും. എനിക്കുള്ള അനുഭവജ്ഞാനം അവർക്ക് പകർന്നുനൽകാൻ എനിക്ക് കഴിയും.”- ബ്രാവോ പറഞ്ഞു.

ഇന്നലെ, ഓസ്ട്രേലിയക്കെതിരെ നടന്ന ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തോടെയാണ് ബ്രാവോ വിരമിച്ചത്. 2018ൽ വിരമിക്കൽ പ്രഖ്യാപിച്ച ബ്രാവോ തൊട്ടടുത്ത വർഷം പ്രഖ്യാപനം പിൻവലിച്ചിരുന്നു. 38കാരനായ താരം വിൻഡീസിൻ്റെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്.

Read Also : ഇതുവരെ വിരമിച്ചിട്ടില്ല; സ്വന്തം നാട്ടിൽ വിടവാങ്ങൽ മത്സരം കളിക്കണം: ക്രിസ് ഗെയിൽ

“വിരമിക്കാനുള്ള സമയമായെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ഏറെ മികച്ച ഒരു കരിയർ ലഭിച്ചു. 18 വർഷക്കാലം വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. ഇതിൽ ഉയർച്ച താഴ്ചകളുണ്ടായിരുന്നു. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്.”- ബ്രാവോ പറഞ്ഞു.

90 രാജ്യാന്തര ടി-20 മത്സരങ്ങൾ കളിച്ച ബ്രാവോ 78 വിക്കറ്റും 1245 റൺസും നേടിയിട്ടുണ്ട്. 2012, 2016 വർഷങ്ങളിൽ വിൻഡീസ് ടി-20 ലോകകപ്പ് ജേതാക്കളാവുമ്പോൾ ബ്രാവോയും ടീമിൽ ഉൾപ്പെട്ടിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയോട് 8 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാർ കീഴടങ്ങിയത്. വിൻഡീസ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം 16.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. ഓസ്ട്രേലിയക്കായി ഡേവിഡ് വാർണറും മിച്ചൽ മാർഷും ഫിഫ്റ്റി നേടി. 56 പന്തുകളിൽ 89 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് വാർണറാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. അകീൽ ഹുസൈനാണ് ഓസ്ട്രേലിയയുടെ ഒരു വിക്കറ്റ് വീഴ്ത്തിയത്. ബാറ്റ് ചെയ്തപ്പോൾ ബ്രാവോ 10 റൺസ് ആണ് നേടിയത്. ബൗളിംഗിൽ 4 ഓവർ എറിഞ്ഞ് 36 റൺസ് വഴങ്ങുകയും ചെയ്തു.

Story Highlights : continue playing franchise cricket Dwayne Bravo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here