Advertisement

ന്യൂസീലൻഡിനെതിരെ ഇന്ത്യയെ രോഹിത് നയിക്കും; മുതിർന്ന താരങ്ങൾക്കെല്ലാം വിശ്രമമെന്ന് റിപ്പോർട്ട്

November 8, 2021
Google News 2 minutes Read
india newzealand t20 players

ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ ഇന്ത്യയുടെ മുതിർന്ന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ട്. മാസങ്ങളായി ബയോബബിളിൽ കളിക്കുന്ന വിരാട് കോലി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുൽ, മുഹമ്മദ് ഷമി, ആർ അശ്വിൻ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർക്കൊക്കെ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. എന്നാൽ, രോഹിത് കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും സൂചനയുണ്ട്. (india newzealand t20 players)

ടി-20 ലോകകപ്പിനു ശേഷം കുഞ്ഞൻ ഫോർമാറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന് കോലി വ്യക്തമാക്കിയിരുന്നു എങ്കിലും ഇതുവരെ താരത്തിനു പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശർമ്മ തന്നെ ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ മുഴുനീള ക്യാപ്റ്റനായുള്ള രോഹിതിൻ്റെ ആദ്യ പരമ്പരയാവും ന്യൂസീലൻഡിനെതിരെ നടക്കുക. വരും ദിവസങ്ങളിൽ തന്നെ കോലിയുടെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചേക്കും.

Read Also : ദ്രാവിഡ് തന്നെ ഇന്ത്യൻ പരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനമായി

മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കുന്നതിനാൽ ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ താരങ്ങൾ ടീമിലെത്തിയേക്കും. അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ, ഋതുരാജ് ഗെയ്ക്‌വാദ്, ദേവ്‌ദത്ത് പടിക്കൽ, രാഹുൽ ചഹാർ തുടങ്ങിയ താരങ്ങൾ പരമ്പരയിൽ കളിച്ചേക്കും. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം പിടിച്ചേക്കും. മുഹമ്മദ് സിറാജ്, ഇഷാൻ കിഷൻ, വരുൺ ചക്രവർത്തി, ശ്രേയാസ് അയ്യർ, അക്സർ പട്ടേൽ തുടങ്ങിയവർക്കും സാധ്യതയുണ്ട്.

ഇന്ന് നമീബിയക്കെതിരായ അവസാന സൂപ്പർ 12 മത്സരത്തോടെ ഇന്ത്യൻ ക്രിക്കറ്റിൽ കോലി-ശാസ്ത്രി യുഗം അവസാനിക്കുകയാണ്. ഈ മത്സരത്തോടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ബൗളിംഗ് പരിശീലകൻ ഭരത് അരുണും ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധറും സ്ഥാനമൊഴിയും.

ഈ മാസം 17 മുതലാണ് ന്യൂസീലൻഡിൻ്റെ ഇന്ത്യൻ പര്യടനം. 3 ടി-20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. 17, 19, 21 തീയതികളാണ് ടി-20 മത്സരങ്ങൾ. 25 മുതൽ 28 വരെ ആദ്യ ടെസ്റ്റും ഡിസംബർ 3 മുതൽ 7 വരെ രണ്ടാം ടെസ്റ്റും നടക്കും.

Story Highlights : india newzealand t20 players rest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here