ആർസിബിയുടെ പുതിയ പരിശീലകനായി സഞ്ജയ് ബംഗാറിനെ നിയമിച്ചു

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ പുതിയ പരിശീലകനായി ഇന്ത്യയുടെ മുൻ താരവും മുൻ ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാറിനെ നിയമിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടീമിൻ്റെ ബാറ്റിംഗ് ഉപദേഷ്ടാവായി നിയമിതനായ ബംഗാറിനെയാണ് ഇപ്പോൾ മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായ മൈക്ക് ഹെസൺ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2022 സീസണു മുന്നോടിയായുള്ള മെഗാ ലേലം നടക്കാനിരിക്കെയാണ് ബാംഗ്ലൂരിൻ്റെ നീക്കം. (sanjay bangar rcb coach)
ഇന്ത്യ എയുടെ പരിശീലകനായിരുന്ന ബംഗാർ 2010ൽ ഐപിഎൽ ടീമായ കൊച്ചി ടസ്കേഴ്സ് ബാറ്റിംഗ് പരിശീലകനായി. 2014ൽ കിംഗ്സ് ഇലവൻ പഞ്ചാബിൻ്റെ (പഞ്ചാബ് കിംഗ്സ്) സഹ പരിശീലക സ്ഥാനം ഏറ്റെടുത്ത താരം പിന്നീട് പരിശീലകനാവുകയും ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തു. ഐപിഎലിൽ പഞ്ചാബിൻ്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. 2014ൽ തന്നെ ഇന്ത്യൻ ദേശീയ ടീം ബാറ്റിംഗ് പരിശീലകനായ അദ്ദേഹം ഇടക്കാലത്ത് മുഖ്യ പരിശീലകനാവുകയും പിന്നീട് ബാറ്റിംഗ് പരിശീലകനായി തുടരുകയും ചെയ്തു. മൂന്ന് വർഷങ്ങളോളം പഞ്ചാബ് പരിശീലകനായി തുടർന്നെങ്കിലും പിന്നീട് താത്പര്യ വൈരുദ്ധ്യത്തിൻ്റെ പേരിൽ അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തു.
Read Also : ഐപിഎലിനും ലോകകപ്പിനും ഇടയിൽ ഇടവേള ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു: ഇന്ത്യൻ ബൗളിംഗ് പരിശീലകൻ
2017ൽ രവി ശാസ്ത്രി ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനായപ്പോൾ ബംഗാർ സഹപരിശീലകനായി. ഇന്ത്യയുടെ വാലറ്റത്തിൻ്റെ ബാറ്റിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെ നിർണായക സംഭാവനകൾ അദ്ദേഹം ഇക്കാലയളവിൽ നൽകി. കോലി, രോഹിത്, രഹാനെ തുടങ്ങിയവർ തങ്ങളുടെ ബാറ്റിംഗ് മെച്ചപ്പെട്ടതിൽ ബംഗാറിനു പരസ്യമായി നന്ദി പറഞ്ഞിരുന്നു. 2019 ലോകകപ്പ് സെമിഫൈനലിൽ പുറത്തായതോടെ ബിസിസിഐ ബംഗാറിനെ പുറത്താക്കി. നാലാം നമ്പറിൽ ഒരു താരത്തെ കണ്ടത്താൻ ബംഗാറിനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അതേസമയം, ടി-20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി പുതിയ ഐപിഎൽ ടീമായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പരിശീലകനായേക്കുമെന്ന് സൂചനയുണ്ട്. ശാസ്ത്രിക്കൊപ്പം നിലവിൽ ഇന്ത്യൻ ടീം ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ എന്നിവരെയും ഫ്രാഞ്ചൈസി പരിശീലക സംഘത്തിൽ എത്തിച്ചേക്കും.
Story Highlights : sanjay bangar rcb batting coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here