ന്യുസീലൻഡ് പ്രധാനമന്ത്രിയുടെ എഫ്ബി ലൈവിനിടെ മകൾ; രസകരമായ വീഡിയോ

കൊവിഡും ലോക്ക്ഡൗണും കാരണം വീടുകളിൽ ഇരുന്ന് ജോലി ചെയ്യേണ്ടി വന്നവരാണ് മിക്കവരും. തൊഴിലിടങ്ങളിലെ വർക്കും വീട്ടിലെ കാര്യങ്ങളും ഒരുപോലെ നോക്കിയാണ് മിക്കവരും ആ സമയം അതിജീവിച്ചത്. വീട്ടിലിരുന്ന് മീറ്റിങ്ങുകൾ അറ്റൻഡ് ചെയ്തും ഓൺലൈൻ ക്‌ളാസ് എടുത്തും റിപ്പോർട്ടിങ് ചെയ്തും ആളുകൾ വർക്ക് ചെയ്യുന്നതിനിടയ്ക്ക് സംഭവിച്ച രസകരമായ നിമിഷങ്ങളുടെ നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതാണ്. എന്നാൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ന്യുസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റേതാണ്.
രാജ്യത്തെ അവസ്ഥയും കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റങ്ങളും ഫേസ്‌ബുക്ക് ലൈവിലൂടെ വിവരിക്കുകയായിരുന്നു ജസീന്ത. അപ്പോഴാണ് ഇതിനിടയിലേക്ക് പ്രധാനമന്ത്രിയുടെ മൂന്ന് വയസുകാരി മകൾ കടന്നു വന്നത്. മകൾ മമ്മി എന്ന് വിളിക്കുന്നതും ലൈവിൽ കേൾക്കാം. മകളോട് ഇത് ഉറങ്ങാനുള്ള സമയമാണെന്നും മമ്മി ഒരു മിനുട്ടിനുള്ളിൽ വരാമെന്നും പറഞ്ഞ് ജസീന്ത മകളെ പറഞ്ഞയച്ചു. പിന്നീട് ക്ഷമാപണത്തോടെ ലൈവ് ആരംഭിച്ചു.
തുടർന്ന് തന്റെ അമ്മ മകൾക്കൊപ്പമുണ്ടെന്നും മകളെ അമ്മ ഉറക്കുമെന്നും പറഞ്ഞ് ന്യുസീലൻഡ് പ്രധാനമന്ത്രി ലൈവ് തുടർന്നു. ശേഷം ലൈവ് തുടരാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മകൾ അമ്മയെ അന്വേഷിച്ചെത്തുന്നുണ്ട്. ഇതിനകം നിരവധി പേരാണ് ഹൃദയ സ്പർശിയായ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീട്ടിലുള്ള മിക്ക അമ്മമാരും ഇങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്നാണ് മിക്കവരുടെയും കമന്റ്.
ഇതിനു മുമ്പും ഭരണമികവ് കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്ന ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ് ജസീന്ത ആർഡേൺ. 2018 ജൂണിലായിരുന്നു ജസീന്ത ആദ്യ കുഞ്ഞിനു ജന്മം നല്‍കുന്നത്. ബേനസീർ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കുമ്പോൾ കുഞ്ഞിന് ജന്മം നൽകുന്ന നേതാവാണ് ജസീന്ത. ഭയാനകമായ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിച്ച് ലോകശ്രദ്ധ നേടിയ നേതാവ് കൂടിയാണ് ജസീന്ത ആർഡേൺ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here