റിസ്‌വാനും ഷൊഐബിനും പനി; ഓസ്ട്രേലിയക്കെതിരെ കളിച്ചേക്കില്ലെന്ന് സൂചന

ടി-20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ സെമിഫൈനലിലൊരുങ്ങുന്ന പാകിസ്താൻ ടീമിനു തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മ്ദ് റിസ്‌വാനും മധ്യനിര താരം ഷൊഐബ് മാലിക്കിനും പനി ബാധിച്ചതാണ് പാകിസ്താനു തിരിച്ചടി ആയിരിക്കുന്നത്. പനി ബാധിച്ചതിനാൽ ഓസ്ട്രേലിയക്കെതിരെ ഇന്ന് നടക്കുന്ന സെമിഫൈനലിൽ ഇരുവരും കളിച്ചേക്കില്ലെന്നാണ് സൂചന. ഇരുവരും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. (Mohammad Rizwan Shoaib Malik)
ഇരുവർക്കും കൊവിഡ് പരിശോധന നടത്തിയെങ്കിലും റിസൽട്ട് നെഗറ്റീവായിരുന്നു. ഇരുവരോടും വിശ്രമിക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. ലോകകപ്പിൽ ഗംഭീര ഫോമിൽ കളിക്കുന്ന താരങ്ങൾ ഇന്ന് കളിച്ചില്ലെങ്കിൽ അത് പാകിസ്താനു കനത്ത തിരിച്ചടിയാവും. അഞ്ച് മത്സരങ്ങളിൽ നിന്ന് 214 റൺസ് നേടിയ റിസ്‌വാൻ പല മത്സരങ്ങളിലും ബാബർ അസമിനൊപ്പം പാകിസ്താന് തകർപ്പൻ തുടക്കം നൽകിയിരുന്നു. മധ്യനിരയിൽ ഫിനിഷിംഗ് ടച്ചുകളുമായി ഷൊഐബ് മാലിക്കും നിറഞ്ഞുകളിക്കുകയാണ്. സ്കോട്ട്‌ലൻഡിനെതിരെ മാലിക്ക് 18 പന്തിൽ ഫിഫ്റ്റി നേടിയിരുന്നു.
ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് പാകിസ്താൻ-ഓസ്ട്രേലിയ മത്സരം. മത്സരത്തിൽ വിജയിക്കുന്ന ടീം കലാശപ്പോരിൽ ന്യൂസീലൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസീലൻഡ് ഫൈനൽ പ്രവേശനം നേടിയത്.
ഇരുവരും പരസ്പരം ഏറ്റുമുട്ടിയ ഐസിസി ഇവൻ്റുകളുടെ നോക്കൗട്ട് ഘട്ടം പരിഗണിക്കുമ്പോൾ മുൻതൂക്കം ഓസ്ട്രേലിയക്കാണ്. ഒരൊറ്റ തവണ പോലും പാകിസ്താന് വിജയിക്കാനായിട്ടില്ല. അതേസമയം, ടി-20 ലോകകപ്പിൽ ഇരു ടീമും മൂന്ന് തവണ വീതം വിജയിച്ചു. ആകെ കണക്കിൽ പാകിസ്താൻ 13 തവണയും ഓസ്ട്രേലിയ 9 തവണയുമാണ് വിജയിച്ചിട്ടുള്ളത്.
Story Highlights : Mohammad Rizwan Shoaib Malik flu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here