Advertisement

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വകുപ്പ് സജ്ജം: മന്ത്രി വീണ ജോര്‍ജ്

November 14, 2021
Google News 0 minutes Read

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണ ജോര്‍ജ്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ജീവനക്കാരെ വിന്യസിച്ച് വരികയാണ്. പമ്പയിലും സന്നിധാനത്തും മെഡിക്കല്‍ കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 5 സ്ഥലങ്ങളിലായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ സജ്ജമാക്കിവരുന്നു. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്‌സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതാണ്.

സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിക്കും. പമ്പയിലും സന്നിധാനത്തും വെന്റിലേറ്ററുകള്‍ സജ്ജമാക്കി. ഇതുകൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മൊബൈല്‍ മെഡിക്കല്‍ ടീമിനേയും സജ്ജമാക്കി. വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· മഴസമയത്തെ മലകയറ്റം പ്രത്യേകം ശ്രദ്ധിക്കണം.
· മല കയറുമ്പോള്‍ 2 മീറ്റര്‍ ശാരീരിക അകലം സ്വയം പാലിക്കണം.
· വായും മൂക്കും മൂടുന്ന വിധം മാസ്‌ക് ധരിക്കുക. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തരുത്.
· ഉപയോഗിച്ച മാസ്‌ക്, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്.
· ഇടയ്ക്കിടെ കൈ വൃത്തിയാക്കണം. യാത്രയില്‍ സാനിറ്റൈസര്‍ കരുതേണ്ടതാണ്.
· വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പര്‍ശിക്കരുത്.
· പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനം ഒഴിവാക്കുക.
· 3 മാസത്തിനകം കോവിഡ് വന്നവര്‍ക്ക് മല കയറുമ്പോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ തീര്‍ത്ഥാടനത്തിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ പള്‍മണോളജി, കാര്‍ഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്.
· കടകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
· കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.
· ശുദ്ധജലം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.
· തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here