09
Dec 2021
Thursday
Covid Updates

  ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ റവന്യൂമന്ത്രി പമ്പയിലേക്ക്; രണ്ട് എന്‍ഡിആര്‍എഫ് ടീമുകളെ കൂടി എത്തിക്കും

  sabarimala

  ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ റവന്യൂമന്ത്രി കെ രാജന്‍ ഇന്ന് പമ്പയിലെത്തും. നിലയ്ക്കലിലെയും പമ്പയിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തും. മഴ തുടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ചര്‍ച്ചയാകും.

  ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് പരമാവധി തടസങ്ങളില്ലാതെ സൗകര്യങ്ങളൊരുക്കുമെന്ന് റവന്യൂമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. നാളെയാണ് ശബരിമല നട തുറക്കുക. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പന്തളം കേന്ദ്രീകരിച്ച് എന്‍ഡിആര്‍എഫ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വൈകുന്നേരത്തോടെ രണ്ട് ടീമുകളെ കൂടി പമ്പയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

  പത്തനംതിട്ട ജില്ലയില്‍ നിലവില്‍ മഴയ്ക്ക് അല്‍പം ശമനമുണ്ട്. പുലര്‍ച്ചെ തുടങ്ങിയ മഴ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പെയ്തു. അച്ചന്‍കോവിലാര്‍, പമ്പ നദികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ നേരിയ തോതില്‍ കുറഞ്ഞു. ഓമല്ലൂര്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പന്തളം-പത്തനംതിട്ട പാതയില്‍ ഗതാഗതം തടസമുണ്ട്. അടൂര്‍ നഗരത്തിലും കോന്നിയിലും വെള്ളമിറങ്ങിത്തുടങ്ങിയതോടെ ആശങ്കയ്ക്ക് ശമനമുണ്ട്.

  മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. ആറ് മണിക്ക് പുതിയ ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിരക്കല്‍ ചടങ്ങുകള്‍ നടക്കും. വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. പ്രതിദിനം മുപ്പതിനായിരെ പേര്‍ക്കാണ് അനുമതി. കാലവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളില്‍ പമ്പാസ്നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല.

  Read Also : കനത്തമഴ; പമ്പാ സ്നാനം അനുവദിക്കില്ല; ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം

  തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴക്കെടുതി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ശബരിമല തീര്‍ത്ഥാടക പാതകളിലും വെള്ളം കയറി. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പുയരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 140.35അടിയായി. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.14 അടിയായി. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  Stroy Highlights: sabarimala, k rajan

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top