കിഫ്‌ബിയെ വിമർശിക്കുന്നത് സാഡിസ്റ്റുകൾ; മുഖ്യമന്ത്രി

കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റ് മനോഭാവക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്‌സ് അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാൽ നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറും. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലും വിഷയത്തിൽ രംഗത്ത് വന്നിരുന്നു. കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ ഗോസിപ്പ് വാര്‍ത്തകളെന്നും അത് കേരളത്തെ തകര്‍ക്കുമെന്നും ധനമന്ത്രി ആരോപിച്ചു.
സിഎജിയുടെ കരട് റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വരുകയും സഭാ സമിതി പരിശോധിക്കുകയും വേണമെന്നും ഇതൊന്നും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവര്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശന മുയര്‍ത്തുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here