Advertisement

പുതിയ യുഗം ആരംഭിക്കുന്നു; ഇന്ത്യ-ന്യൂസീലൻഡ് ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം

November 16, 2021
Google News 2 minutes Read
india newzealand t20 tomorrow

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം. നാളെ രാത്രി ഏഴ് മണിക്ക് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. നവംബർ 19ന് റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടാം മത്സരവും 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്നാം മത്സരവും നടക്കും. (india newzealand t20 tomorrow)

രാഹുൽ ദ്രാവിഡ് പരിശീലകനും രോഹിത് ശർമ്മ ക്യാപ്റ്റനുമായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. മുൻപ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ രോഹിത് ഇന്ത്യയെ നയിച്ചിരുന്നെങ്കിലും സ്റ്റാൻഡ് അപ്പ് ക്യാപ്റ്റൻ്റെ ചുമതലയാണ് രോഹിതിനുണ്ടായിരുന്നത്. എന്നാൽ, ഈ പരമ്പര മുതൽ രോഹിത് ഇന്ത്യൻ ടീമിൻ്റെ മുഴുനീള ടി-20 ക്യാപ്റ്റനാവും.

ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിൻ്റെ ആഘാതത്തിലാണ് കിവീസ് ടീം ഇന്ത്യയിലെത്തിയത്. ഈ തോൽവി ന്യൂസീലൻഡിനു കനത്ത തിരിച്ചടി ആകുമെന്നുറപ്പ്. ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന 9 താരങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ ഇന്ത്യയിലെത്തിയിരുന്നു. അതേസമയം, ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ടി-20 പരമ്പരയിൽ കളിക്കില്ല. പേസർ ടിം സൗത്തിയാണ് കിവീസിനെ നയിക്കുക.

Read Also : ഇന്ത്യൻ പര്യടനത്തിനുള്ള ന്യൂസീലൻഡ് ടീം ജയ്പൂരിൽ എത്തി

വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.

ടി-20 പരമ്പരയ്ക്ക് പിന്നാലെ രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയും ന്യൂസീലൻഡ് കളിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിനെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നയിക്കും. നായകൻ കോലി, ടി-20 നായകൻ രോഹിത് ശർമ്മ എന്നിവർക്കൊക്കെ ബിസിസിഐ വിശ്രമം അനുവദിച്ചു. ആദ്യ ടെസ്റ്റിൽ മാത്രമാണ് കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിൽ കോലി തന്നെയാവും ടീമിനെ നയിക്കുക. കോലി, രോഹിത് എന്നിവർക്കൊപ്പം, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിച്ചു.

Stroy Highlights: india newzealand t20 starts tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here