Advertisement

പാകിസ്താനിൽ നടക്കുന്ന ഐസിസി ടൂർണമെന്റുകളിൽ നിന്ന് ഇന്ത്യക്ക് എളുപ്പം പിന്മാറാനാവില്ല: റമീസ് രാജ

November 17, 2021
Google News 3 minutes Read
India icc tournaments Ramiz

പാകിസ്താനിൽ നടക്കുന്ന ഐസിസി ടൂർണമെൻ്റുകളിൽ നിന്ന് ഇന്ത്യക്ക് എളുപ്പം പിന്മാറാനാവില്ല എന്ന് പിസിബി ചെയർമാർ റമീസ് രാജ. 2025ൽ പാകിസ്താനിൽ വച്ച് നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന കായികമന്ത്രി അനുരാഗ് താക്കൂറിൻ്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു റമീസ് രാജ. (India icc tournaments Ramiz)

“ഇന്ത്യയുമായി ഒരു ഉഭയകക്ഷി പരമ്പര നടത്തുക വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, എപ്പോഴെങ്കിലും ഒരു ത്രിരാഷ്ട്ര പരമ്പര നടത്താം. ഐസിസി ടൂർണമെൻ്റുകളിൽ നിന്ന് അവർക്ക് എളുപ്പം പിന്മാറാനാവില്ല. അതുകൊണ്ട് തന്നെ അവിടെ സമ്മർദ്ദമുണ്ടാവും. ക്രിക്കറ്റ് ബോർഡുകളോട് ഇക്കാര്യങ്ങളെല്ലാം സംസാരിക്കും. അതുകൊണ്ട് ഇന്ത്യ പിന്മാറില്ലെന്ന് കരുതുന്നു. സൗരവ് ഗാംഗുലിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. വിവിധ കാര്യങ്ങളെപ്പറ്റി ഞങ്ങൾ സംസാരിക്കും. ക്രിക്കറ്റർമാർ തന്നെ ഈ സ്ഥാനങ്ങളിൽ ഇരിക്കുന്നതിനാൽ ആ ബന്ധം അവിടെയുണ്ടാവും. അതിൽ രാഷ്ട്രീയം വന്നാൽ കാര്യങ്ങൾ എളുപ്പമാവില്ല.”- റമീസ് രാജ പറഞ്ഞു.

Read Also : 2025 ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകണോ എന്ന് കേന്ദ്രം തീരുമാനിക്കും

ചാമ്പ്യൻസ് ട്രോഫിക്ക് ടീമിനെ അയക്കണോ എന്ന് ആഭ്യന്തര മന്ത്രാലയം തീരുമാനിക്കും എന്നാണ് അനുരാഗ് താക്കൂർ പറഞ്ഞത്. “സമയമാവുമ്പോൾ, എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. തീരുമാനം എടുക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം ഇടപെടും. സുരക്ഷാ പ്രശ്നങ്ങൾ കാരണം നിരവധി രാജ്യങ്ങൾ പാക് പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു. സുരക്ഷാ സംവിധാനങ്ങൾ വിശകലനം ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മുൻകാലങ്ങളിലും പാകിസ്താനിൽ കളിക്കാൻ രാജ്യങ്ങൾ വിസമ്മതിച്ചിരുന്നു. അവിടെ കളിക്കാൻ പോയ താരങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതൊരു വലിയ പ്രശ്നമാണ്.”- മന്ത്രി പറഞ്ഞു.

1996ലെ ലോകകപ്പിനു ശേഷം പാകിസ്താനിൽ നടക്കുന്ന ആദ്യ ഐസിസി ഇവൻ്റാണ് 2025 ചാമ്പ്യൻസ് ട്രോഫി. 2031 വരെയുള്ള ഐസിസി ഇവൻ്റുകളിൽ ഇന്ത്യയ്ക്ക് മൂന്ന് ടൂർണമെൻ്റുകളുണ്ട്. 2026 ടി-20 ലോകകപ്പ്, 2029 ചാമ്പ്യൻസ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നീ ഇവൻ്റുകളാണ് ഇന്ത്യയിൽ നടക്കുക. 2024ലെ ടി-20 ലോകകപ്പിന് അമേരിക്ക വേദിയാവും. വെസ്റ്റ് ഇൻഡീസിനൊപ്പം സംയുക്ത വേദിയാണ് അമേരിക്ക. ഇത് ആദ്യമായാണ് അമേരിക്ക ഒരു ഐസിസി ഇവൻ്റിനു വേദിയാവുന്നത്. 2024 ജൂണിലാണ് ടി-20 ലോകകപ്പ്.

Story Highlights: not easy for India to pull out of icc tournaments held in Pakistan: Ramiz Raja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here