മാർട്ടിൻ ഗപ്റ്റിലിനെ ‘നോക്കി പേടിപ്പിച്ചു’; ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം

ന്യൂസീലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനെ ‘നോക്കി പേടിപ്പിച്ച’ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം. എസിസിയുടെ ‘കമാൽ കാ മോമൻ്റ്’ പുരസ്കാരമാണ് ചഹാർ സ്വന്തമാക്കിയത്. ഇന്നലെ ന്യൂസീലൻഡിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിനു വിജയിച്ചിരുന്നു. (Deepak Chahar Martin Guptill)
ന്യൂസീലൻഡ് ഇന്നിംഗ്സിനിടെയായിരുന്നു സംഭവം. ദീപക് ചഹാർ എറിഞ്ഞ 18ആം ഓവറിലെ ആദ്യ പന്ത് ഗാലറിയിലേക്ക് പായിച്ച ഗപ്റ്റിൽ ചഹാറിനെ തുറിച്ചുനോക്കി. അടുത്ത പന്തിൽ ഗപ്റ്റിനെ ശ്രേയാസ് അയ്യരുടെ കൈകളിലെത്തിച്ച ചഹാർ ഈ നോട്ടം തിരിച്ചുനൽകുകയും ചെയ്തു. ഇതിനാണ് ചഹാറിന് പുരസ്കാരം ലഭിച്ചത്.
ഇന്നലെ അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 165 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 62 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 48 റൺസ് നേടി. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.
Read Also : സൂര്യകുമാറിനു ഫിഫ്റ്റി; അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 164 റൺസ് നേടിയത്. ന്യൂസീലൻഡിനായി മാർട്ടിൻ ഗപ്റ്റിലും മാർക്ക് ചാപ്മാനും അർദ്ധസെഞ്ചുറി നേടി. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലാണ് ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
മൂന്ന് ടി-20 മത്സരങ്ങളാണ് ന്യൂസീലൻഡ് കളിക്കുക. രണ്ടാം ടി-20 നാളെ റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ നടക്കും. 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മൂന്നാം മത്സരം.
Story Highlights: Deepak Chahar Won 1 Lakh rs Staring Martin Guptill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here