Advertisement

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; വനം മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര മന്ത്രിയെ കാണും

November 22, 2021
2 minutes Read
wild boar attack

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് വനംമന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാന്‍ അനുവാദം നല്‍കണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെടും. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കാട്ടുപന്നിയെ വനത്തിന് പുറത്ത് എവിടെ വെച്ച് വേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും കൊല്ലാം. നിലവില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലോ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ മാത്രമാണ് അനുമതിയുള്ളത്.

കാട്ടുപന്നി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വാഹനാപകടത്തിന് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ മാതൃകയില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

‘കൃഷിയിടത്തില്‍ മാത്രമല്ല, ജനവാസ കേന്ദ്രങ്ങളിലേക്കുവരെ കാട്ടുപന്നികള്‍ ഇറങ്ങുന്നത് വലിയ പ്രതിസന്ധിയാണ്. പ്രതികൂല കാലാവസ്ഥ മൂലം കര്‍ഷകര്‍ ദുരിതം നേരിടുന്നതിനിടയിലാണ് വന്യമൃഗങ്ങളുടെ ശല്യം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങാണ് സര്‍ക്കാര്‍ നടത്തുന്നത്’. മന്ത്രി പറഞ്ഞു.

Read Also : പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു

കേരളത്തിലെ കര്‍ഷകരുടെ ഏറെ നാളുകളായുള്ള ആവശ്യമാണ് കാട്ടുപന്നി ശല്യത്തിന് സ്ഥായിയായ പരിഹാരം കാണണമെന്നത്. ഒരു വര്‍ഷത്തിനിടെ നാലുകര്‍ഷകരാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വനംമന്ത്രി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിനെ സന്ദര്‍ശിക്കുന്നത്.

Story Highlights : wild boar attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top