പരമവിശിഷ്ട സേവാ മെഡൽ ഏറ്റുവാങ്ങയ ആഹ്ലാദത്തിൽ കിഫ്ബി എക്‌സിക്യുട്ടീവ് ഡയറക്ടർ കെ പി പുരുഷോത്തമൻ

രാഷ്ട്രപതിയുടെ പരമവിശിഷ്ട സേവാ മെഡൽ ഏറ്റുവാങ്ങയതിന്റെ ആഹ്ലാദത്തിലാണ് മുൻ ഐ.ബി.ആർ.ഒ അഡീഷണൽ ഡയറക്ടർ ജനറലും കിഫ്ബിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ കെ പി പുരുഷോത്തമൻ. അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും നടത്തിയ സേവനത്തിനു രാഷ്ട്രം നൽകുന്ന ആദരമാണിത്. ഇന്ന് രാവിലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് മെഡൽ സമ്മാനിച്ചു.
പതിനായിരം അടിക്കുമുകളിലുള്ള ലോകത്തെ ഏറ്റവും നീളംകൂടിയ തുരങ്കമാണ് റോഹ്താങ് പാസിലെ അടൽതുരങ്കം. ഇതിന്റെ നിർമാണത്തിനു നേതൃത്വംവഹിച്ചത് കെ.പി. പുരുഷോത്തമനാണ്. പത്തുവർഷമെടുത്താണ് 9.02 കിലോമീറ്ററുള്ള തുരങ്കം പൂർത്തിയാക്കിയത്. റോഡ്, പാലം, തുരങ്കം എന്നിവയുടെ നിർമാണമേഖലയിൽമാത്രം 33 വർഷത്തെ പ്രവൃത്തിപരിചയമുണ്ട് അദ്ദേഹത്തിന്. അയ്യായിരം കിലോമീറ്ററിലേറെ റോഡുകളുടെ നിർമാണത്തിന് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
1987ലാണ് സിവിൽ എൻജിനിയറായ പുരുഷോത്തമൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ വകുപ്പിൽ പ്രവേശിക്കുന്നത്. ആൻഡമാൻ നിക്കോബാറിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ഈ വർഷം മാർച്ചിൽ വിരമിച്ചു. പലയിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ സേനയ്ക്കുവേണ്ടിയും റോഡ് ട്രാൻസ്പോർട്ട് മിനിസ്ട്രിക്കു വേണ്ടിയും ശ്രദ്ധേയമായ ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. ഇപ്പോൾ കേരളത്തിൽ കിഫ്ബിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് പുരുഷോത്തമൻ.
കണ്ണൂർ ഏച്ചൂർ കേളമ്പേത്ത് ഹൗസിൽ കണ്ണന്റെയും യശോദയുടെയും ഒമ്പത് മക്കളിൽ ഒരാളാണ് പുരുഷോത്തമൻ. സിന്ധുവാണ് ഭാര്യ. ഡോക്ടറായ വരുൺ, അമേരിക്കയിൽ കൊമേഴ്സ്യൽ പൈലറ്റായ യൂവിക എന്നിവർ മക്കളാണ്.
Story Highlights : kp-purushothaman-receiving-outstanding-service-medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here