മോഫിയ പർവിന്റെ പരാതി ലഭിച്ചിരുന്നു;ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കും: വനിതാ കമ്മിഷൻ അധ്യക്ഷ

ആലുവയിൽ നവവധു മോഫിയ പർവിൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. മോഫിയ പർവിന്റെ പരാതി ലഭിച്ചിരുന്നെന്ന് പി സതീദേവി പറഞ്ഞു. റൂറൽ എസ് പിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഉൾപ്പെടെയാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ മാനസിക പീഡനം ഉണ്ടായതായി പരാമർശമുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി. യുവതിയോട് ആലുവ സി ഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പി സതീദേവി കൂട്ടിച്ചേർത്തു.
ഇതിനിടെ ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിയെടുത്തു . ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം സംഭവത്തിൽ ഭർത്താവിനെത്തൊരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Read Also : മോഫിയയുടെ ആത്മഹത്യ; വീഴ്ച വരുത്തിയ സിഐക്കെതിരെ നടപടി, സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റി
ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ത ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.
Story Highlights : p sathidevi on mofia-suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here