മോഫിയ പർവീന്റെ ആത്മഹത്യ: കോൺഗ്രസ് സമരം തുടരുന്നു; സ്ഥലത്തെത്തി മോഫിയയുടെ മാതാവ്

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം സിഐ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ സമരത്തിനൊപ്പം ചേർന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാർ പറയുന്നു. സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് പറയുന്നു. (mofiya parveen congress protest)
രാവിലെ 10 മണിക്ക് റൂറൽ എസ്പി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മോഫിയയുടെ മാതാവ് സമര സ്ഥലത്ത് എത്തി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഏറെ വൈകാരിക നിമിഷങ്ങൾക്കാണ് ഇത് സാക്ഷ്യം വഹിച്ചത്. എൻ്റെ മകൾ ഈ പൊലീസ് ഉദ്യോഗസ്ഥനെ കാണാൻ വന്നത് പ്രതീക്ഷയോടെയാണ്. പക്ഷേ, കേൾക്കേണ്ടി വന്നത് മറ്റൊന്നാണ്. അതിൻ്റെ മാനസിക വിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് മോഫിയയുടെ മാതാവ് പറഞ്ഞതായി ബെന്നി ബെഹനാൻ പറഞ്ഞു.
Read Also : മോഫിയ പർവീന്റെ ആത്മഹത്യ; അറസ്റ്റിലായ ഭർത്താവിനെയും ഭർതൃമാതാപിതാക്കളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
അതേസമയം, മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിൻ്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
ആരോപണ വിധേയനായ ആലുവ സിഐ സിഎൽ സുധീറിനെ സ്ഥലം മാറ്റുകയാണ് അധികൃതർ ചെയ്തത്. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ.
മോഫിയയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ ആലുവ റൂറൽ എസ്പിക്ക് നിർദേശം നൽകി. കേസ് ഡിസംബർ 27ന് പരിഗണിക്കുമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.
Story Highlights : mofiya parveen congress protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here