രണ്ടാം ദിനത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ ന്യൂസീലൻഡ്; ഇന്ത്യ പതറുന്നു

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ആധികാരിക പ്രകടനവുമായി ന്യൂസീലൻഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 345നു മറുപടിയായി ബാറ്റിങിനിറങ്ങിയ ന്യൂസീലൻഡ് രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസെന്ന നിലയിലാണ്. വിൽ യങ് (75), ടോം ലതം (50) എന്നിവർ ക്രീസിൽ തുടരുകയാണ്.
ഇന്ത്യൻ സാഹചര്യത്തിൽ മൂന്ന് സ്പിന്നർമാരടങ്ങുന്ന ബൗളിംഗ് നിരയെ അതിഗംഭീരമായാണ് കിവീസ് ബൗളർമാർ നേരിട്ടത്. മികച്ച ഫീറ്റ് മൂവ്മെൻ്റിലൂടെ സ്പിന്നർമാരെ വരുതിയിലാക്കിയ വിൽ യങ് ആയിരുന്നു ഏറെ അപകടകാരി. ചില ക്ലോസ് ഷേവുകൾ ഉണ്ടായെങ്കിലും പറയത്തക്ക പിഴവുകളൊന്നുമില്ലാതെയാണ് ന്യൂസീലൻഡ് ബാറ്റർമാർ ക്രീസിൽ തുടർന്നത്. ഇടതടവില്ലാതെ പന്തെറിഞ്ഞ് തളർന്നെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ബൗളർമാർക്ക് കഴിഞ്ഞില്ല. മൂന്ന് ദിവസം കൂടി ശേഷിക്കെ നാളെ ഒരു ദിവസം മുഴുവൻ ബാറ്റ് ചെയ്ത് മികച്ച ലീഡ് നേടി ഇന്ത്യയെ ബാറ്റിംഗിനയക്കുകയാവും ന്യൂസീലൻഡിൻ്റെ ലക്ഷ്യം.
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടിയ ശ്രേയാസ് അയ്യരാണ് (105) ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ (52), രവീന്ദ്ര ജഡേജ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ന്യൂസീലൻഡിനായി ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ കെയിൽ ജമീസൺ മൂന്നും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി.
Story Highlights : newzealand innings test india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here