Advertisement

ശ്രേയാസും സാഹയും രക്ഷകരായി; ഇന്ത്യക്കെതിരെ ന്യൂസീലൻഡിന് 284 റൺസ് വിജയലക്ഷ്യം

November 28, 2021
Google News 2 minutes Read
newzealand runs win india

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസീലൻഡിന് 284 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്ത് നിൽക്കെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ ഫിഫ്റ്റി നേടിയ ശ്രേയാസ് അയ്യർ (65) ഇന്ത്യയുടെ ടോപ്പ് സ്കോററായി. കഴുത്തിനു പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയും (61 നോട്ടൗട്ട്) ഫിഫ്റ്റിയടിച്ചു. ന്യൂസീലൻഡിനായി ടിം സൗത്തിയും കെയിൽ ജമീസണും 3 വിക്കറ്റ് വീതം വീഴ്ത്തി. (newzealand runs win india)

Read Also : ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; അഞ്ച് വിക്കറ്റ് നഷ്ടം

ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. ശുഭ്മൻ ഗിൽ ആണ് മൂന്നാം ദിനം പുറത്തായത്. ജമീസണെതിരെ ബൗണ്ടറിയടിച്ച് പോസിറ്റീവായി ബാറ്റിങ് ആരംഭിച്ച പൂജാര ഒടുവിൽ ജമീസണു മുന്നിൽ തന്നെ വീണു. 22 റൺസെടുത്ത ഇന്ത്യയുടെ മൂന്നാം നമ്പർ താരത്തെ ടോം ബ്ലണ്ടൽ പിടികൂടുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (4) വേഗം മടങ്ങി. രഹാനെയെ അജാസ് പട്ടേൽ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. തുടർന്ന് ഒരു ഓവറിൽ മായങ്ക് അഗർവാളിനെയും (17) രവീന്ദ്ര ജഡേജയെയും (0) പുറത്താക്കിയ ടിം സൗത്തി ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിവിട്ടു. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയാസ് അയ്യർ-ആർ അശ്വിൻ സഖ്യമാണ് ഇന്ത്യയെ കൈപിടിച്ചുയർത്തിയത്. ഇരുവരും ചേർന്ന് 52 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തി. 32 റൺസെടുത്ത അശ്വിൻ്റെ കുറ്റി പിഴുത ജമീസണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

കഴുത്തിനു പരുക്കേറ്റതിനെ തുടർന്ന് കീപ്പ് ചെയ്തില്ലെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ സാഹ ബാറ്റേന്തി കളത്തിലിറങ്ങി. സാഹയുമൊത്ത് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ അയ്യർ ഫിഫ്റ്റി തികച്ചു. 64 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഇന്ത്യയെ ഭേദപ്പെട്ട ഇടത്തെത്തിച്ച അയ്യർ സൗത്തിയുടെ പന്തിൽ ടോം ബ്ലണ്ടലിനു പിടികൊടുത്ത് മടങ്ങി. പിന്നാലെയെത്തിയ അക്സർ പട്ടേലും ക്രീസിൽ ഉറച്ചു. അക്സർ-സാഹ സഖ്യം എട്ടാം വിക്കറ്റിൽ നേടിയത് അപരാജിതമായ 67 റൺസാണ്. അക്സർ (28) പുറത്താവാതെ നിന്നു.

Story Highlights : newzealand 284 runs to win india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here