അട്ടപ്പാടിയിൽ ജനനീ ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ട് ഏഴ് മാസം [24 Breaking]

അട്ടപ്പാടിയിൽ ജനനീ ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ട് ഏഴ് മാസം. ഒരു തവണ പോലും തുക ലഭിക്കാത്തവർ നിരവധിയാണ്. 24 നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി ഈ തുക വിതരണം ചെയ്തിട്ടില്ലെന്ന് മനസ്സിലായി. ഒരു തവണ പോലും പദ്ധതി തുക ലഭിക്കാത്തവരുമുണ്ട്. ( janani janmaraksha halted attappadi)
കഴിഞ്ഞ മാർച്ചിലാണ് ജനനീ ജന്മരക്ഷാ പദ്ധതിത്തുക അട്ടപ്പാടിയിലെത്തിയത്. കൊവിഡ് പ്രവർത്തനങ്ങൾക്കായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് അനുവദിച്ച തുക ഇതുവരെ ലഭിച്ചിട്ടില്ല. കൊവിഡ് ഐസിയു അടക്കം ഇവിടെ ക്രമീകരിച്ചിരുന്നെങ്കിലും അതിനുള്ള തുകയും ലഭിച്ചിട്ടില്ല. മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞത് തുക മുടങ്ങിയിട്ടില്ലെന്നാണ്. അദ്ദേഹത്തിൻ്റെ വകുപ്പായ പട്ടികജാതി ക്ഷേമവകുപ്പിൽ നിന്നുള്ള പണം കൃത്യമായി എത്തിയിരുന്നു. മറ്റ് വകുപ്പുകളിൽ നിന്നുള്ള തുകയാണ് മുടങ്ങിയത്.
അട്ടപ്പാടി ആദിവാസി മേഖലയിൽ നടന്ന അഞ്ച് കുഞ്ഞുങ്ങളുടെ മരണങ്ങൾ ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചിരുന്നു. സർക്കാർ ആദിവാസി മേഖലയെ പൂർണമായും കൈയൊഴിഞ്ഞ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഊരുകളിൽ ആരോഗ്യ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആരോഗ്യവകുപ്പും ആദിവാസി-പട്ടികവർഗ ക്ഷേമ വകുപ്പും പൂർണപരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. പോഷകാഹാര പദ്ധതിയായ ‘ജനനീ ജന്മരക്ഷാ’ പൂർണ്ണമായും അട്ടിമറിച്ചെന്നും അതിനുള്ള ധനസഹായം മാസങ്ങളായി മുടക്കിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ആദിവാസി അമ്മമാർ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:
അട്ടപ്പാടി ആദിവാസി മേഖലകളിൽ നാല് ദിവസത്തിനുള്ളിൽ അഞ്ച് കുഞ്ഞുങ്ങളുടെ മരണം! സർക്കാർ ആദിവാസി മേഖലയെ പൂർണ്ണമായും കയ്യൊഴിഞ്ഞ സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. കുഞ്ഞുങ്ങളിലെ പോഷകാഹാര കുറവും ഗർഭിണികളിലെ ആരോഗ്യപ്രശ്നങ്ങളും ഒക്കെ നിരന്തരം റിപ്പോർട്ട് ചെയ്തിട്ടും അവരെ തുടർചികിത്സക്ക് വിധേയമാക്കി ജീവൻ രക്ഷിക്കാനുള്ള യാതൊരു മാർഗ്ഗവും സർക്കാർ സ്വീകരിക്കുന്നില്ല എന്നത് ഗൗരവകരമായ കുറ്റമാണ്. പോഷകാഹാര പദ്ധതിയായ ‘ജനനീ ജന്മരക്ഷാ’ പൂർണ്ണമായും അട്ടമറിച്ചെന്നും അതിനുള്ള ധനസഹായം മാസങ്ങളായി മുടക്കിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ആദിവാസി അമ്മമാർ ഉന്നയിക്കുന്നത്. കുഞ്ഞുങ്ങളുടെ മരണം പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് ട്രൈബൽ ആശുപത്രി സൂപ്രണ്ടും സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
Story Highlights : janani janmaraksha halted attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here