Advertisement

‘അഡ്മിഷൻ ഫീസ് നൽകാൻ പണമില്ല, സഹായിക്കണം’; 17കാരിയുടെ ഫീസടച്ച് ഹൈക്കോടതി

November 30, 2021
Google News 1 minute Read

തുടർപഠനത്തിന്‌ യോഗ്യത ലഭിച്ചിട്ടും അഡ്മിഷൻ ഫീസ് നൽകാൻ കഴിയാത്ത ദളിത് വിദ്യാർത്ഥിനിയെ സഹായിച്ച് അലഹബാദ് ഹൈക്കോടതി. സംസ്‌കൃതി രഞ്ജൻ എന്ന 17 കാരിയുടെ പ്രവേശന ഫീസാണ് ജഡ്‌ജിയും അഭിഭാഷകർ ഒത്തുചേർന്ന് സമാഹരിച്ച് നൽകിയത്. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ (ബിഎച്ച്‌യു) പ്രവേശനം ലഭിച്ച വിദ്യാർത്ഥിനി സഹായം തേടി കോടതിയെ സമീപിച്ചിരുന്നു.

ദളിത് വിദ്യാർത്ഥിനിയായ സംസ്‌കൃതി രഞ്ജൻ താൻ പഠിച്ച സ്‌കൂളിലെ ടോപ് സ്കോററാണ്. ദേശീയ ജോയിന്റ് എൻട്രൻസ് പരീക്ഷയും പാസായി. 92.77 ശതമാനം മാർക്ക് നേടിയ 17 കാരി പട്ടികജാതി വിഭാഗത്തിൽ 2,062-ാം സ്ഥാനത്തെത്തി. ഒടുവിൽ ആശിച്ച കോളജിൽ പ്രവേശനം ലഭിച്ചു. എന്നാൽ ബിഎച്ച്‌യുവിന്റെ മാത്തമാറ്റിക്‌സ് ആന്റ് കംപ്യൂട്ടിംഗിലെ പഞ്ചവത്സര കോഴ്‌സിന് ചേരാനുള്ള അഡ്മിഷൻ ഫീസടയ്ക്കാനുള്ള നിവർത്തി കുട്ടിക്കുണ്ടായിരുന്നില്ല.

സംസ്‌കൃതിയുടെ അച്ഛൻ വൃക്കരോഗിയാണ്. അതിജീവനത്തിനായി ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർ നിർദേശിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടയിലാണ് അഡ്മിഷൻ ലഭിച്ചതും. ഫീസ് ഇനത്തിൽ 15,000 രൂപയാണ് നൽകേണ്ടത്. സഹായിക്കാൻ ആരുമില്ലാതെ വന്നതോടെ കോളജ് ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിൽ അപ്പീൽ നൽകി. എന്നാൽ ദിവസാവസാനത്തോടെ തന്റെ പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് അറിയാതെയാണ് കുട്ടി ഇന്ന് കോടതിയിൽ എത്തിയത്.

അഡ്മിഷൻ സമയം നീട്ടി നൽകാൻ ഹർജിക്കാരിയും അവളുടെ പിതാവും ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിക്ക് പലതവണ കത്തെഴുതിയെങ്കിലും അതോറിറ്റിയിൽ നിന്ന് മറുപടിയൊന്നും വന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതി ഇടപെടൽ ഉണ്ടായത്. കുട്ടിയുടെ ഫീസ് ജഡ്‌ജി സ്വന്തം കൈയിൽ നിന്നും നൽകി. ട്യൂഷനും ഹോസ്റ്റൽ ഫീസും ഉൾപ്പെടെ കുട്ടിയുടെ മുഴുവൻ കോഴ്‌സ് ഫീസും അഭിഭാഷകരും നൽകും.

Story Highlights : high-court-helps-dalit-girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here