ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മാറ്റമില്ല: സൗരവ് ഗാംഗുലി

ഒമിക്രോൺ വ്യാപനം ഭീഷണിയായി നിലനിൽക്കുകയാണെങ്കിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മാറ്റമില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. നിലവിലെ സാഹചര്യത്തിൽ പര്യടനത്തിൽ മാറ്റമില്ലെന്നും ബാക്കി കാര്യങ്ങൾ കൂടി പരിഗണിച്ച് അന്തിമതീരുമാനം എടുക്കുമെന്നും ഗാംഗുലി പറഞ്ഞു.
ഡിസംബർ 17 നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിക്കുന്ന ഇന്ത്യ 4 ടി-20 മത്സരങ്ങളും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കും. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിനു ശേഷം ഡിസംബർ 8,9 തിയതികളിലായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്ക് തിരിക്കും.
അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അവസാന വാക്ക് കേന്ദ്രസർക്കാരിൻ്റേതെന്ന് ബിസിസിഐ നേരത്തെ നിലപാടെടുത്തിരുന്നു. ആരോഗ്യമന്ത്രാലയം പറയുന്നതെന്തോ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും താരങ്ങളുടെ സുരക്ഷയാണ് ഏറെ പ്രാധാന്യമെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.
കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിനാൽ നെതർലൻഡിൻ്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ചിരുന്നു. 3 ഏകദിന മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലൻഡ് ഇന്ന് ആദ്യ മത്സരം കളിച്ചിരുന്നു. മത്സരം മഴ മൂലം ഉപേക്ഷിച്ചു. അടുത്ത മത്സരം ഈ മാസം 28നാണ് തീരുമാനിച്ചിരുന്നത്.
Story Highlights : sourav ganguly south africa tour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here