ആഷസിനുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു; ടിം പെയ്നു പകരം അലക്സ് കാരി ടീമിൽ

ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരി ഉൾപ്പെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് കാരി ടെസ്റ്റ് ടീമിൽ ഇടം പിടിക്കുന്നത്. വിക്കറ്റ് കീപ്പർ കൂടി ആയിരുന്ന ക്യാപ്റ്റൻ ടിം പെയ്ൻ അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞതും പിന്നീട് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തതും കാരിക്ക് അവസരമൊരുക്കുകയായിരുന്നു. പേസർ പാറ്റ് കമ്മിൻസ് ആണ് ഓസീസ് ടീമിനെ നയിക്കുക. സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്റ്റനാണ്. (ashes test australia team)
ടാസ്മാനിയക്കായി ഏകദിന കപ്പ് മാച്ച് കളിക്കേണ്ട പെയ്ൻ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിൽ തുടരുമെന്ന് പെയ്ൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയും ടാസ്മാനിയ ക്രിക്കറ്റും താരത്തിനു പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നു.
ഓസീസ് ടെസ്റ്റ് ടീമിൻ്റെ മുഴുവൻ സമയ ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് ആണ് കമ്മിൻസ് സ്വന്തമാക്കിയത്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതിരുന്നതിനാൽ 1965ലെ ഇന്ത്യൻ പര്യടനത്തിൽ റേ ലിൻഡ്‌വാൽ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായിരുന്നു. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ. സ്മിത്തിനെ ക്യാപ്റ്റനായി പരിഗണിച്ചിരുന്നു എങ്കിലും 2018ലെ സാൻഡ് പേപ്പർ വിവാദം തിരിച്ചടിയാവുകയായിരുന്നു.
Read Also : ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത് ടിം പെയ്‌ൻ; പാറ്റ് കമ്മിൻസ് ഓസീസ് നായകൻ
2017ലാണ് പെയ്ൻ്റെ രാജിയിലേക്ക് വഴിതെളിച്ച വിവാദ സംഭവം നടന്നത്. ടാസ്മാനിയൻ ടീമിൽ ഉണ്ടായിരുന്ന പെയ്ൻ അന്ന് സഹപ്രവർത്തകയുമായി നടത്തിയ ടെക്സ്റ്റിങ് വിവാദമാവുകയായിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം നടക്കുകയും പെയ്ൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ടാസ്മാനിയ ക്രിക്കറ്റും അറിയിച്ചു. എന്നാൽ, കഴിഞ്ഞ ആഴ്ച ആ മെസേജ് പരസ്യമായെന്ന് താൻ അറിഞ്ഞു എന്നും അതിനാൽ ക്യാപ്റ്റനായുള്ള തൻ്റെ സ്ഥാനം ഒഴിയുകയാണെന്നും പെയ്ൻ വാർത്താകുറിപ്പിൽ അറിയിച്ചു.
ഓസ്ട്രേലിയ ടീം: പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി, ഡേവിഡ് വാർണർ, കാമറൂൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്‌ൻ, നഥാൻ ലിയോൺ, മൈക്കൽ നെസെർ, ഝൈ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ.
Story Highlights : ashes test australia team announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here