തേങ്ങ പൊട്ടിച്ച് ബിജെപി എംഎൽഎയുടെ റോഡ് ഉദ്ഘാടനം; തേങ്ങ പൊട്ടിയില്ല, റോഡ് പൊട്ടി

തേങ്ങ പൊട്ടിച്ച് റോഡ് ഉദ്ഘാടനം ചെയ്തപ്പോൾ പൊട്ടിയത് റോഡ്. ഉത്തർപ്രദേശിലെ ബിജ്നോർ സാദർ നിയോജകമണ്ഡലം എംഎൽഎ സുചി മാസും ചൗധരിയ്ക്കാണ് അബദ്ധം പിണഞ്ഞത്. സംഭവത്തിൽ കുപിതനായ ബിജെപി എംഎൽഎ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.
ബിജ്‌നോരിലെ 7 കിലോമീറ്റർ ദൈർഘ്യമുള്ള, 1.16 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡാണ് തേങ്ങ പൊട്ടിച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ തകർന്നത്. ഇതിനു പിന്നാലെ റോഡ് പണി പരിശോധിക്കണമെന്ന് അവർ ഉത്തരവിട്ടു. പരിശോധനയ്ക്കുള്ള സാമ്പിൾ എടുക്കാൻ ഉദ്യോഗസ്ഥർ എത്തുന്നത് വരെ എംഎൽഎ സ്ഥലത്ത് തുടർന്നു. 3 മണിക്കൂറോളമാണ് അവർ അവിടെ കാത്തുനിന്നത്.
“1.16 കോടി രൂപ മുടക്കിയാണ് റോഡ് നിർമിക്കുന്നത്. 7.5 കിലോമീറ്റർ ദൂരമുണ്ട്. എന്നോട് റോഡ് ഉദ്ഘാടനം ചെയ്യാൻ ആവശ്യപ്പെട്ടു. അവിടെയെത്തി തേങ്ങയുടക്കാൻ ശ്രമിച്ചപ്പോൾ തേങ്ങ ഉടഞ്ഞില്ല. പക്ഷേ, റോഡിൻ്റെ ചില ഭാഗങ്ങൾ ഇളകിവന്നു. ഞാൻ പരിശോധിച്ചപ്പോൾ പണി മോശമാണെന്ന് കണ്ടു. നിലവാരമുള്ള റോഡ് പണി ആയിരുന്നില്ല. ഞാൻ ഉദ്ഘാടനം നിർത്തി ജില്ലാ മജിസ്ട്രേറ്റുമായി സംസാരിച്ചു. അദ്ദേഹം മൂന്നംഗ സമിതി രൂപീകരിച്ചു. സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടിയെടുക്കും.”- എംഎൽഎ പറഞ്ഞു.
Story Highlights : Coconut Cracking Inauguration New UP Road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here