Advertisement

ഇന്ത്യയിൽ ക്രിപ്പ്‌റ്റോ കറൻസിയുടെ ഭാവിയെന്ത് ? ; കേന്ദ്രം ഒരുങ്ങുന്നത് എന്തിന് ?

December 3, 2021
Google News 4 minutes Read

ക്രിപ്പ്‌റ്റോ കറൻസി (Crypto currency) നിരോധിക്കുന്നതിന് പകരം പേര് മാറ്റി സെബിയുടെ നിയന്ത്രണ പരിധിയിൽ കൊണ്ടു വരാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ. നിർദിഷ്ട നിയമപ്രകാരം, ക്രിപ്പ്‌റ്റോകറൻസിയെ ക്രിപ്പ്‌റ്റോ-അസറ്റ് എന്ന് പുനർനാമകരണം ചെയ്യുകയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പരിധിയിൽ കൊണ്ടുവരുകയും ചെയ്യാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍
റിപ്പോർട്ട് ചെയ്യുന്നത്. ക്രിപ്പ്റ്റോ കറൻസിയുടെ പേര് മാറ്റുന്നതിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രിപ്പ്‌റ്റോ അസറ്റും നിർദിഷ്ട ഡിജിറ്റൽ കറൻസിയും തമ്മിലുള്ള ഓവർലാപ്പ് ഒഴിവാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എല്ലാ ക്രിപ്പ്‌റ്റോ എക്‌സ്‌ചേഞ്ചുകളും സെബിയുടെ നിയന്ത്രണ പരിധിയിൽ വരും. ഇത് ലംഘിച്ചാൽ അഞ്ച് മുതൽ ഇരുപത് കോടി രൂപ പിഴയും തടവുമാണ് ശിക്ഷയെന്ന് അധികൃതർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുതലമുറ നിക്ഷേപകർ ക്രിപ്പ്‌റ്റോ ഇടപാടിലേക്ക് പോകുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ക്രിപ്പ്റ്റോകറൻസി നിയന്ത്രിക്കണോ അതോ നിരോധിക്കണോയെന്ന ആലോചനയിൽ എത്തിയത്.

എന്താണ് ക്രിപ്പ്‌റ്റോ കറൻസി?

ക്രിപ്പ്‌റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതിക രൂപമില്ലാത്ത വെർച്വൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങളാണ് ക്രിപ്പ്‌റ്റോകറൻസി. ലളിതമായി പറഞ്ഞാൽ ക്രിപ്പ്‌റ്റോകറൻസി ഒരു തരം ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ പണമാണ്. ഇത് ഇലക്‌ട്രോണിക് രൂപത്തിൽ മാത്രമേ നിലനിൽക്കൂ. അതി സങ്കീർണമായ പ്രോഗ്രാമുകളിലൂടെയാണ് ക്രിപ്പ്‌റ്റോ രൂപീകരിച്ചിരിക്കുന്നത്. സോഫ്റ്റ് വെയർ കോഡ് എന്നും ഇവയെ വിശേഷിപ്പിക്കാവുന്നതാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ ‘ ക്രിപ്പ്‌റ്റോ കറൻസി’ എന്നു വിളിക്കുന്നത്. 2008ൽ സതോഷി നകമോട്ടോ ആണ് ക്രിപ്പ്‌റ്റോ കറൻസി അവതരിപ്പിക്കുന്നത്.

ഏതൊക്കെ ക്രിപ്പ്‌റ്റോ കറൻസികളുണ്ട്?

ബിറ്റ്‌കോയിൻ (ബിടിസി), ഇതേറിയം, റിപ്പിൾ, ലൈറ്റ് കോയിൻ, സ്റ്റെല്ലർ, എക്‌സ്ആർപി, ബിറ്റ്‌കോയിൻ ക്യാഷ് (ബിസിഎച്ച്), ഇഒഎസ്, റ്റെതെർ, ബിറ്റ്‌കോയിൻ എസ്‌വി (ബിഎസ്‌വി). ഇതിൽ ഏറ്റവും പ്രചാരമേറിയതും മൂല്യമുളളതും ബിറ്റ് കോയിനാണ്. ആദ്യത്തെ ക്രിപ്പ്‌റ്റോ കറൻസിയും ബിറ്റ് കോയിൻ തന്നെയാണ്. ബിറ്റ്‌കോയിൻ എക്സ്‌ചേഞ്ചുകൾ വഴിയാണ് ബിറ്റ് കോയിനുകളുടെ ട്രേഡിങ് നടക്കുന്നത്.

എന്താണ് ബിറ്റ്‌കോയിന്‍?

2008 -ലാണ് ബിറ്റ്‌കോയിന്‍ രൂപംകൊള്ളുന്നത്. ഒരു പതിറ്റാണ്ടിനിപ്പുറം ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ടോക്കണായി ബിറ്റ്‌കോയിന്‍ വളര്‍ന്നുകഴിഞ്ഞു. ഇന്ത്യയടക്കം ആഗോളതലത്തില്‍ നിരവധി ക്രിപ്പ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തുന്നുണ്ട്. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച നിക്ഷേപമായാണ് ബിറ്റ്‌കോയിന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. പിറവിയെടുത്ത കാലത്ത് 10 സെന്റ് മാത്രമുണ്ടായിരുന്ന ബിറ്റ്‌കോയിന്റെ ഇപ്പോഴത്തെ വിലനിലവാരം 55,000 ഡോളറിന് മുകളിലാണ്.

ക്രിപ്പ്‌റ്റോ കറൻസിയുടെ ഉപയോഗം എങ്ങനെയാണ്?

ക്രിപ്‌റ്റോകറൻസികൾ പൊതുവായി ആക്‌സസ് ചെയ്യാവുന്ന വിലാസത്തിലൂടെ ക്രിപ്പ്‌റ്റോഗ്രാഫിക് വാലറ്റുകളിലായാണ് സൂക്ഷിക്കുന്നത്. മാത്രമല്ല ഇത് സ്വകാര്യ കീ എന്ന് വിളിക്കുന്ന വളരെ ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്യും. ഇത് ഓൺലൈൻ വഴി വാങ്ങിച്ച് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാവുന്നതാണ്.

ക്രിപ്പ്‌റ്റോ കറൻസികൾക്ക് മറ്റു രാജ്യങ്ങളിൽ നിരോധനമുണ്ടോ?

ചൈന, നേപ്പാൾ, റഷ്യ, വിയറ്റ്നാം, ബൊളീവിയ,ഇന്തോനേഷ്യ, ഈജിപ്റ്റ്,അൽജേരിയ,കൊളംബിയ തുടങ്ങിയ രാജ്യങ്ങളും ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികൾ നിരോധിച്ചിട്ടുണ്ട്.

ക്രിപ്പ്‌റ്റോ കറൻസികൾക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

റിസര്‍വ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എന്‍ക്രിപ്ഷൻ സാങ്കേതികവിദ്യയുപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റല്‍ കറന്‍സികളാണ് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍. ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത വളരെ കൂടുതലാണെന്ന കണ്ടെത്തലിന്റെ
അടിസ്ഥാനത്തിലാണ് റിസർവ്വ് ബാങ്ക് ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിജിറ്റൽ കറൻസികൾക്ക് പ്രചാരം ഏറുന്നത് ബാങ്കിംഗ് സംവിധാനം ദുർബലമാക്കിയേക്കാം എന്നും വാദം ഉയർന്നിരുന്നു. കള്ളപ്പണമൊഴുക്ക് കൂടും എന്നും സാമ്പത്തിക ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കും ഇടയുണ്ടെന്നതും കണക്കിലെടുത്താണ് ക്രിപ്‌റ്റോകറൻസികൾ ആർബിഐ മാറ്റി നിർത്തുന്നത്.

ക്രിപ്പ്‌റ്റോ നിരോധനം വന്നാല്‍ എന്തു സംഭവിക്കും?

ക്രിപ്പ്‌റ്റോ എക്‌സ്‌ചേഞ്ചുകളും ബാങ്കുകളും തമ്മിലെ ഇടപാടുകള്‍ പൂര്‍ണമായും നിലയ്ക്കും.അതായത് ക്രിപ്പ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളിലേക്ക് ഇന്ത്യന്‍ രൂപ കൈമാറാന്‍ സാധിക്കില്ലയെന്ന് ചുരുക്കം. സമാനമായി ക്രിപ്പ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളില്‍ നിന്നും ബാങ്ക് അക്കൗണ്ടുകളിലേക്കും പണമെത്തില്ല. നിലവില്‍ ക്രിപ്പ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണമില്ല.

ക്രിപ്പ്‌റ്റോ കറൻസികൾ എങ്ങനെ വാങ്ങാം അല്ലെങ്കിൽ നിക്ഷേപിക്കാം?

ക്രിപ്പ്‌റ്റോ കറൻസികൾ വിവിധ എക്സ്ചേഞ്ച് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ചാണ് സാധാരണഗതിയിൽ വാങ്ങുക. നിക്ഷേപകർക്ക് Google Play സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആപ്പുകൾ സൈൻ അപ്പ് ചെയ്ത് കെ‌വൈ‌സി പ്രക്രിയ പൂർത്തിയാക്കുക. തുടർന്ന് വാലറ്റിലേക്ക് പണം കൈമാറ്റി ഇഷ്ടമുള്ള കോയിനുകൾ വാങ്ങാവുന്നതാണ്.

പ്രശസ്തമായ ഇന്ത്യൻ പ്ലാറ്റ്ഫോമുകൾ ഏതൊക്കെ?

വാസിർ എക്സ്, സെബ്പേ, കോയിൻ‌സ്വിച്ച് കുബെർ, കോയിൻ‌ഡി‌സി‌എക്സ് ജി‌ഒ എന്നിവയാണ് പ്രശസ്തമായ ഇന്ത്യൻ പ്ലാറ്റ് ഫോമുകൾ. കോയിൻബേസ്, ബിനാൻസ് തുടങ്ങിയ അന്താരാഷ്ട്ര വ്യാപാര പ്ലാറ്റ് ഫോമുകളിലൂടെ നിക്ഷേപകർക്ക് ബിറ്റ് കോയിൻ, ഡോജ്കോയിൻ, ഇതെറിയം, മറ്റ് ക്രിപ്പ്‌റ്റോകറൻസികൾ എന്നിവയും വാങ്ങാം.

ക്രിപ്പ്‌റ്റോയിൽ നിക്ഷേപിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മറ്റേതൊരു നിക്ഷേപത്തെയും പോലെ ക്രിപ്പ്‌റ്റോയും ദീർഘകാല നിക്ഷേപത്തിന് ഉപയോഗിക്കാം. ബിറ്റ്കോയിന്റെ നിലവാരത്തിലെത്താൻ ഏകദേശം ഒരു പതിറ്റാണ്ട് എടുത്തിട്ടുണ്ട്. കൂടാതെ, വിപണി മറ്റേതൊരു ധനകാര്യ വിപണിയെക്കാളും പുതിയതും, കൂടുതൽ അസ്ഥിരവുമാണ്. അതിനാൽ, ക്ഷമയോടെയിരിക്കുക, നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി പഠിക്കുക. പരിഭ്രാന്തരാകരുത്.

എങ്ങനെ ക്രിപ്പ്‌റ്റോ കറൻസി വാങ്ങാം?

നിലവിൽ 384 എക്സ്ചേഞ്ചുകളിലായി 10,000-ലധികം ക്രിപ്പ്‌റ്റോകറൻസികളുണ്ട്. ബിറ്റ്കോയിന് മാത്രം 700 ബില്യൺ ഡോളറിലധികമാണ് വിപണി മൂല്യം. എന്നിരുന്നാലും, ഈ നാണയങ്ങളിൽ ഭൂരിഭാഗവും പുതിയതോ വിലയില്ലാത്തതോ പരീക്ഷണാത്മകമോ ആണ്. Ethereum, Ripple (XRP), Dogecoin, Polygon പോലുള്ള മൾട്ടി-ക്യാപ് നാണയങ്ങളാണ് ഏറ്റവും സജീവമായവ. നിങ്ങൾക്ക് ക്രിപ്പ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിൽ നിന്നും വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. ഡിജിറ്റൽ, ഫിയറ്റ് കറൻസികൾ ഉൾപ്പെടെയുള്ള മറ്റ് അസറ്റുകൾക്കായി ക്രിപ്‌റ്റോകറൻസികളുടെ വ്യാപാരം
നടത്തുകയാണ് പ്ലാറ്റ്‌ഫോമുകൾ. അവ സ്വതന്ത്രവും ആഗോളതലത്തിൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ അതേ പ്രവർത്തനവുമാണ് കാഴ്ചവെക്കുന്നത്.
WazirX, ആണ് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച്. ഇത് ഒരു കേന്ദ്രീകൃത എക്‌സ്‌ചേഞ്ചാണ്, അതിന്റെ പ്രവർത്തനങ്ങൾ ഒരു രജിസ്റ്റർ ചെയ്ത കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്.

ക്രിപ്പ്‌റ്റോകറൻസികൾ സൂക്ഷിക്കുന്നത് എങ്ങനെ?

ഒരു ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഡീമാറ്റ് അക്കൗണ്ട് പോലെ, ഒരു ബ്ലോക്ക്ചെയിൻ വാലറ്റാണ് നാണയങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്.
ക്രിപ്പ്‌റ്റോസ് എന്നാണ് വിളിപ്പേര്. സുഗമമായ കൈമാറ്റങ്ങളും പേയ്‌മെന്റുകളും നടത്താൻ വാലറ്റ് സഹായിക്കുന്നു. ക്രിപ്‌റ്റോഗ്രാഫിക്കായി ഒപ്പിട്ടിരിക്കുന്നതിനാൽ എല്ലാ ഇടപാടുകളും സുരക്ഷിതമാണ്. PayPal വഴിയോ അല്ലെങ്കിൽ ഇന്ന് ഉപയോഗിക്കുന്ന മറ്റേതെങ്കിലും ഡിജിറ്റൽ വാലറ്റ് വഴിയോ പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും തുല്ല്യമാണ് ഇതിന്റെ പ്രവർത്തനരീതി.

Read Also : ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി

ക്രിപ്പ്‌റ്റോകറൻസിയുടെ ഗുണങ്ങൾ എന്തെല്ലമാണ്?

കുറഞ്ഞ ചിലവിൽ പണം കൈമാറ്റം,’യീൽഡ് ഫാമിംഗ്’ ഉപയോഗിച്ച് ബിറ്റ്കോയിനിലും മറ്റ് ക്രിപ്പ്‌റ്റോകറൻസികളിലും പലിശ നേടാം, നൂതനമായ പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാം,സ്വകാര്യ ഇടപാടുകൾ നടത്താം, ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിന് പണം നേടാം, ലോകത്തെവിടെയും സഞ്ചരിക്കാം,ഒരു ലംബോർഗിനി (അല്ലെങ്കിൽ ടെസ്‌ല) വാങ്ങാം.

Story Highlights : What is the future of cryptocurrency in India?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here