Advertisement

മുംബൈയിൽ ഇന്ത്യക്കെതിരെ മുംബൈക്കാരന്റെ വിക്കറ്റ് വേട്ട; രക്ഷപ്പെടുത്തി മായങ്ക് അഗർവാൾ

December 4, 2021
Google News 2 minutes Read

ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിലാണ്. 146 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്തുന്നത്. അഗർവാളിനൊപ്പം അക്സർ പട്ടേലും (32) ക്രീസിൽ തുടരുകയാണ്. ഇന്ത്യക്ക് നഷ്ടമായ 6 വിക്കറ്റുകളും അജാസ് പട്ടേലാണ് സ്വന്തമാക്കിയത്. (india innings day newzealand)

മികച്ച തുടക്കമാണ് മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 80 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. കെയിൽ ജമീസണും ടിം സൗത്തിയും ചേർന്ന പേസ് സഖ്യത്തെ ഫലപ്രദമായി നേരിട്ട ഇന്ത്യൻ ഓപ്പണർമാർ ഇടക്കിടെ ബൗണ്ടറി ഷോട്ടുകളും കണ്ടെത്തി. സ്പിന്നർമാർ പന്തെടുത്തതോടെ റൺ റേറ്റ് കുറഞ്ഞു. ഏറെ വൈകാതെ കൂട്ടുകെട്ട് തകരുകയും ചെയ്തു. ഗില്ലിനെ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ച അജാസ് ന്യൂസീലൻഡിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൻ്റെ അടുത്ത ഓവറിൽ പൂജാരയെയും കോലിയെയും പൂജ്യത്തിനു പുറത്താക്കിയ അജാസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. മൂന്ന് ഓവറുകൾക്കിടയിൽ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ് എന്ന നിലയിൽ നിന്ന് 3 വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

നാലാം വിക്കറ്റിൽ മായങ്ക് അഗർവാളിനു കൂട്ടായി ശ്രേയാസ് അയ്യർ എത്തിയതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി. ചായയ്ക്ക് മുൻപുള്ള അവസാന ഓവറിൽ ഒരു ബൗണ്ടറിയിലൂടെ തൻ്റെ അഞ്ചാം ടെസ്റ്റ് ഫിഫ്റ്റി മായങ്ക് കുറിച്ചു. കൃത്യം 80 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ശ്രേയാസ് മടങ്ങി. 18 റൺസെടുത്ത താരത്തെ അജാസ് പട്ടേൽ ടോം ബ്ലണ്ടലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ വൃദ്ധിമാൻ സാഹയും ക്രീസിൽ ഉറച്ചു. മായങ്കിന് ഉറച്ച പിന്തുണ നൽകിയ താരം ഇന്ത്യയെ തകർച്ചയിലേക്ക് കൂപ്പുകുത്താതെ സംരക്ഷിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ കൂടുതൽ ബൗണ്ടറികൾ കണ്ടെത്തിയ മായങ്ക് കൂടുതൽ ആക്രമണോത്സുക ബാറ്റിംഗാണ് കാഴ്ചവച്ചത്. ഡാരിൽ മിച്ചലിനെ ബൗണ്ടറിയടിച്ച് അഗർവാൾ തൻ്റെ നാലാം ടെസ്റ്റ് സെഞ്ചുറി തികച്ചു.

4 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി ആരംഭിച്ചത്. 3 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും സാഹ (27) മടങ്ങി. 64 റൺസിൻ്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് താരം മടങ്ങിയത്. അടുത്ത പന്തിൽ അശ്വിനും (0) പുറത്ത്. സാഹ വിക്കറ്റിനു മുന്നിൽ കുരുങ്ങിയപ്പോൾ അശ്വിൻ ക്ലീൻ ബൗൾഡായി. ഏഴാം വിക്കറ്റിൽ അക്സറും മായങ്കും ചേർന്ന് അപരാജിതമായ 61 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തിരിക്കുന്നത്.

Story Highlights : india innings second day newzealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here