ആദ്യ ജയത്തിനായി ബ്ലാസ്റ്റേഴ്സ് (വീണ്ടും) ഇന്നിറങ്ങും; എതിരാളികൾ തോൽവി അറിയാത്ത ഒഡീഷ

ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ. മൂന്ന് മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു തോൽവിയും മാത്രമാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. അതേസമയം ഒഡീഷയാവട്ടെ, കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച് തകർപ്പൻ ഫോമിലാണ്. 9 ഗോളുകളാണ് അവർ എതിരാളികളുടെ വലയിൽ അടിച്ചുകയറ്റിയത്. അഞ്ച് ഗോളുകൾ തിരിച്ചുവാങ്ങി എന്നത് പോരായ്മയാണെങ്കിലും ഒഡീഷ കരുത്തരാണ്. (kerala blasters odisha isl)
എടികെയ്ക്കെതിരായ ആദ്യ മത്സരത്തിൽ ദുർബലമായ പ്രതിരോധ നിരയാണ് ബ്ലാസ്റ്റേഴ്സിൻ്റെ വലച്ചത്. നോർത്ത് ഈസ്റ്റിനെതിരായ രണ്ടാം മത്സരം മുതൽ പ്രതിരോധം കരുത്താർജിച്ചു. ലെസ്കോവിച്ച്-സിപോവിച്ച് സഖ്യം സെൻ്റർ ബാക്ക് ജോഡി ആയി എത്തിയതോടെ പ്രതിരോധ നിര നിവർന്നുനിന്നു. അപ്പോൾ മുന്നേറ്റം ദുർബലമായി. അവസാന രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് സമനില പാലിച്ചു. നോർത്ത് ഈസ്റ്റിനെതിരെ ഗോൾരഹിത സമനില ആയിരുന്നെങ്കിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. നോർത്ത് ഈസ്റ്റിനെതിരെ നിരവധി അവസരങ്ങൾ തുറന്നെടുത്തിട്ടും ഒരു ഗോളടിക്കാനായില്ല. എന്നാൽ, ബെംഗളൂരുവിനെതിരെ ഭേദപ്പെട്ട ആക്രമണം നടത്താൻ പോലും ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ഇത് തന്നെയാവും പരിശീലകൻ വുകുമാനോവിച്ചിനെ ആശങ്കപ്പെടുത്തുന്നത്.
Read Also : ഐഎസ്എല്ലില് ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില
അഡ്രിയാൻ ലൂണയാണ് ഇതുവരെ കണ്ടതിൽ ബ്ലാസ്റ്റേഴ്സിൻ്റെ എഞ്ചിൻ റൂം. എങ്കിലും വാസ്കസിലേക്ക് പന്തെത്തുന്നില്ലെന്നത് പോരായ്മയാണ്. സഹലും വിൻസി ബരെറ്റോയും ചേർന്ന് ചില ആവേശജനകമായ ആക്രമണങ്ങൾക്ക് തുടക്കമിട്ടിരുന്നു. വിങ്ങിലൂടെ ബരെറ്റോ നടത്തിയ ചില റെയ്ഡുകൾ ഗംഭീരമായിരുന്നു. പക്ഷേ, ഫിനിഷിംഗിലെ പാളിച്ചകൾ പരിഹരിക്കാനായില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്നും ജയം അകനുനിൽക്കും.
കഴിഞ്ഞ സീസണിലെ മോശം പ്രകടനം മാറ്റാനുറച്ചാണ് ഒഡീഷ ഇക്കുറി എത്തുന്നത്. സെറ്റ് പീസുകളിൽ നിന്നാണ് അവർ കൂടുതൽ ഗോളുകൾ നേടുന്നത്. ജാവി ഹെർണാണ്ടസ് ആണ് ഒഡീഷയുടെ സെറ്റ് പീസ് മാസ്റ്റർ. ജെസൽ കാർനീറോയുടെ ഉയരക്കുറവ് ഉപയോഗിച്ച് വീണ്ടും സെറ്റ് പീസുകളിലൂടെ ആക്രമിക്കാൻ ഒഡീഷ ശ്രമിച്ചേക്കാം. ഇത് ഫലപ്രദമായി തടയാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒരു സമനിലയെങ്കിലും ബ്ലാസ്റ്റേഴ്സിനു പ്രതീക്ഷിക്കാനാവൂ. ജയിക്കണമെങ്കിൽ ഫിനിഷിംഗ് മികവും മെച്ചപ്പെടുത്തേണ്ടതുണ്ട്.
Story Highlights : kerala blasters odisha isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here