ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ വിചാരണ ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ സത്യവാങ്മൂലം. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥ സമര്‍പ്പിച്ച മാപ്പപേക്ഷ കണക്കിലെടുക്കുന്നതായി പറഞ്ഞ കോടതി മാപ്പപേക്ഷയില്‍ തൃപ്തരാണോ എന്ന് കുട്ടിയും കുടംുബവും തീരുമാനിക്കട്ടെയെന്ന് പ്രതികരിച്ചു. വിചാരണ ചെയ്യപ്പെട്ട കുട്ടിക്കായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. കേസ് അടുത്ത മാസം 15ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേസ് പരിഗണിക്കുന്നതിനിടയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി വിമര്‍ശിച്ചു. വിചാരണാ ദൃശ്യങ്ങളിലുള്ളതും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍ പൊരുത്തക്കേടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടും കേസെടുത്തില്ല. ബാലാവകാശ കമ്മിഷനും കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. പൊലീസ് വിചാരണ ചെയ്ത കുട്ടിക്ക് എന്ത് നീതിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
കുട്ടിയെ അപമാനിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തെ കോടതി എതിര്‍ത്തു. കുട്ടി പുറഞ്ഞ കാര്യങ്ങള്‍ നുണയല്ലെന്നും ഫോണിന്റെ കാര്യം എന്തിന് കുട്ടിയോട് ചോദിച്ചു എന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേസില്‍ ബാധകമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെയും കോടതി എതിര്‍ത്തു. കേസില്‍ സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Read Also : ‘സര്‍ക്കാര്‍ റിപ്പോര്‍ട്ട് അപൂര്‍ണം’; പിങ്ക് പൊലീസ് കേസില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
Story Highlights : pink police case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here